ന്യൂഡൽഹി : ലോക്സഭയിൽ സ്പീക്കർക്ക് നേരെ പേപ്പറുകൾ എറിഞ്ഞ എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു . ഗുർജീത് ഔജ്ല , മാണിക്കം ടാഗോർ , അമരീന്ദർ സിംഗ് രാജ വാറിംഗ് , കിരൺ കുമാർ റെഡ്ഡി , ഡീൻ കുര്യാക്കോസ് , എസ്. വെങ്കിടേഷ് , ഹൈബി ഈഡൻ, പ്രശാന്ത് പഡോലെ എന്നിവർക്കെതിരെയാണ് നടപടി. രൂക്ഷമായ ബഹളത്തെത്തുടർന്ന് ഇന്ന് സഭാ നടപടികൾ തടസ്സപ്പെട്ടു. പാർലമെന്റ് നാളെ രാവിലെ 11 മണി വരെ നിർത്തിവച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെച്ചൊല്ലിയായിരുന്നു ഇന്ന് പാർലമെന്റിൽ വലിയ ബഹളം ഉണ്ടായത്. രാഹുൽ ഗാന്ധി ചൈന വിഷയം വീണ്ടും ഉന്നയിക്കാൻ തുടങ്ങിയതോടെ സഭ ബഹളത്തിൽ മുങ്ങി. അദ്ദേഹത്തിന്റെ പ്രസംഗം പൂർത്തിയായില്ല. ഇതോടെ ലോക്സഭയിലെ എംപിമാർ സ്പീക്കർക്ക് നേരെ കടലാസ് കഷണങ്ങൾ എറിഞ്ഞു. പിന്നാലെ കോൺഗ്രസ് എംപിമാർക്കെതിരെ ബിജെപി പരാതി നൽകി.
സഭ നാലാം തവണയും ഉച്ചകഴിഞ്ഞ് 3 മണിക്ക് സമ്മേളിച്ചപ്പോൾ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പേപ്പർ വലിച്ചെറിയുന്ന എംപിമാരെ ബാക്കി സെഷനിലേക്ക് സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു, അത് ശബ്ദവോട്ടോടെ പാസായി. നേരത്തെ രാഹുൽ ഗാന്ധി തന്റെ കടമ നിർവഹിക്കുകയാണെന്നും സർക്കാർ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയാണെന്നും എംപി കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു. “സർക്കാരിന് ധൈര്യമുണ്ടെങ്കിൽ എംപിമാരെ സസ്പെൻഡ് ചെയ്യണം. എല്ലാ കോൺഗ്രസ് എംപിമാരെയും മാത്രമല്ല, മുഴുവൻ പ്രതിപക്ഷ എംപിമാരെയും പുറത്താക്കാൻ കഴിയുമോ “ എന്നും വേണുഗോപാൽ ചോദിച്ചിരുന്നു

