റാഞ്ചി : സർക്കാരുമായുള്ള ചർച്ച അനിശ്ചിതത്വത്തിൽ കലാശിച്ചതിന് പിന്നാലെ ജാർഖണ്ഡിൽ വിദ്യാർത്ഥികൾ ആരംഭിച്ച വിധാൻസഭ ഉപരോധം തടയാൻ ശ്രമിച്ച് പൊലീസ് . വിധാൻസഭയ്ക്ക് ചുറ്റും പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിക്കുന്നു. പഴയ നിയസഭാ മന്ദിരത്തിൽ നിന്ന് പുതിയ ബ്ലോക്കിലേക്കുള്ള വഴിയിൽ ആറ് സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ആദ്യത്തെ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി.
ജാർഖണ്ഡ് ബിജെപി നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ ഉപരോധം നടത്തുന്നുണ്ട് . പ്രതിഷേധത്തിനിടെ സംസ്ഥാന ബിജെപി പ്രസിഡന്റ് ബാബുലാൽ മറാണ്ടി, രാജ്യസഭാ എംപി ആദിത്യ സാഹു എന്നിവരുൾപ്പെടെ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തു.വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച മറാണ്ടി പരീക്ഷകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ന് റാഞ്ചിയിൽ എത്തിയിട്ടുണ്ട്. ബാരിക്കേഡുകൾ നീക്കം ചെയ്യുമെന്നും “ക്ഷമയോടും സമാധാനത്തോടും” കൂടി മാർച്ച് തുടരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
നൂറുകണക്കിന് പ്രതിഷേധക്കാർ നിയമസഭയിലേക്ക് നീങ്ങിയതോടെ നിയമസഭയ്ക്ക് ചുറ്റും സുരക്ഷ കർശനമാക്കി. മാർച്ച് തടയാൻ പഴയ നിയമസഭാ കെട്ടിടത്തിന് സമീപം പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു, ഇത് പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലിന് കാരണമായി.
“സർക്കാർ ഞങ്ങളുടെ വാക്കുകൾ കേൾക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജാർഖണ്ഡ് ജെപിഎസ്സി, ജാർഖണ്ഡ് സിജിഎൽ പരീക്ഷകളിൽ എന്ത് സംഭവിച്ചാലും ഉടൻ നിർത്തിവയ്ക്കുകയും വിഷയം സിബിഐക്ക് കൈമാറുകയും വേണം,” പ്രതിഷേധക്കാർ പറഞ്ഞു.
ജെപിഎസ്സി ജെഎസ്എസ്സി റിഫോം മഞ്ചുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്സി), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെഎസ്എസ്സി) എന്നിവ നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

