കശ്മീർ : പാക് അധിനിവേശ കശ്മീരിലെ സംഘർഷങ്ങൾക്ക് പിന്നിൽ നിരോധിതസംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയാണെന്ന് പിഒകെ ഭരണകൂടം . ജെഎഎസിയുടെ നാല് നേതാക്കളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പത്ത് മില്യൺ റിവാർഡും പിഒകെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. അതേസമയം ജെഎഎസി കേന്ദ്ര നേതാവ് ഷോക്കത്ത് നവാസ് മിറിനെതിരെ പൊതു പ്രസംഗങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഇലക്ട്രോണിക് ആശയവിനിമയങ്ങൾ എന്നിവയുടെ പേരിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.
പിഒകെ ഭരണകൂടം, കഴിഞ്ഞ വർഷം നിരോധിച്ച സംഘടനയാണ് ജെഎഎസി . മേഖലയിലുടനീളം അസ്വസ്ഥതകൾ രൂക്ഷമാകുന്നതിനിടയിലാണ് ജെഎഎസിയുടെ പുതിയ നീക്കം. സുരക്ഷാ നടപടികൾക്കിടയിലും പ്രകടനങ്ങൾ തുടരുന്നുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയിൽ 12 ഓളം പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജെഎഎസി നേതാക്കൾ നിയമം ലംഘിച്ചുവെന്ന് അധികൃതർ ആരോപിച്ചു.
ജെഎഎസിയുടെ 38 ഇന അജണ്ടയിൽ സബ്സിഡി നിരക്കിൽ മാവും വൈദ്യുതിയും നൽകുക, നികുതി കുറയ്ക്കുക, 1947 ന് ശേഷം പാകിസ്ഥാനിൽ സ്ഥിരതാമസമാക്കിയ കശ്മീരിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അനുവദിച്ച 12 സംവരണ നിയമസഭാ സീറ്റുകൾ നിർത്തലാക്കുക എന്നിവ ഉൾപ്പെടുന്നു. മുസഫറാബാദിലെ സർക്കാർ രൂപീകരണത്തെ സ്വാധീനിക്കാൻ പാകിസ്ഥാൻ രാഷ്ട്രീയ പാർട്ടികൾ ഈ സീറ്റുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സംഘടന ആരോപിക്കുന്നു.
ജെഎഎസിയുടെ നിരോധനത്തെയും വിയോജിപ്പുകൾക്കെതിരായ വ്യാപകമായ അടിച്ചമർത്തലിനെയും അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ രംഗത്തെത്തി . ജൂലൈ 27 ന് നടക്കാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പിഒകെയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, ചലന നിയന്ത്രണങ്ങൾ, ഫെഡറൽ അർദ്ധസൈനിക സേനയെ വിന്യസിക്കൽ എന്നിവയിലും ആംനസ്റ്റി ആശങ്കകൾ ഉന്നയിച്ചു.
പണപ്പെരുപ്പം, വൈദ്യുതി താരിഫ്, നികുതി നയങ്ങൾ, മേഖലയുടെ രാഷ്ട്രീയ പാർശ്വവൽക്കരണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പി ഒകെയിൽ സംഘർഷം നടക്കുന്നത്. .

