ഇന്ത്യയുടെ തദ്ദേശീയമായ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ 2030 ഓടെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുമെന്ന് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ അതിവേഗം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനുമുള്ള ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തിലൂടെ ഇന്ത്യയെത്തിയത്. എന്നാല്‍ ഇത്തവണ അതിനെക്കാള്‍ ഒരുപടി കടന്ന് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനി കപ്പല്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകളാണ് പ്രതിരോധവൃത്തങ്ങളില്‍ നടക്കുന്നത്.
ഐഎൻഎസ് വിക്രമാദിത്യയുടെയും ഐഎൻഎസ് വിക്രാന്തിന്റെയും രീതികളിലെ നിർണായകമായ വ്യതിയാനമാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പല്‍ ഐഎൻഎസ് വിശാലിൽ ഉണ്ടാവുക. ഭാരമേറിയ വിമാനങ്ങൾ, ഇന്ധനം നിറയ്ക്കുന്ന സജ്ജീകരണങ്ങൾ. ദീർഘനേരം നീണ്ടുനിൽക്കുന്ന ആളില്ലാ യുദ്ധ ആകാശ വാഹനങ്ങൾ എന്നിവ പ്രാപ്തമാക്കുന്ന വിക്ഷേപണ സംവിധാനങ്ങൾ വിശാലിൽ ഉണ്ടാകും. വിശാലിനായി വിഭാവനം ചെയ്തിരിക്കുന്ന വ്യോമ വിഭാഗത്തിൽ 30–35 ഫിക്സഡ്-വിംഗ് വിമാനങ്ങളും ഏകദേശം 20 ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നു. 36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ദൗത്യങ്ങൾക്ക് പ്രാപ്തിയുള്ള UAV-കളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
തന്ത്രപരമായി, ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറത്തും ശക്തി പ്രദർശിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യമാണ് ഐഎൻഎസ് വിശാൽ വഴി നടപ്പാകുക.

