ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കി. മെഡിക്കൽ എമർജൻസിയാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാക്കിസ്ഥാനിലെ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാൻഡിംഗ് .
വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിലായിരിക്കെ 55 വയസ്സുള്ള യാത്രക്കാരന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു. യാത്രക്കാരൻ്റെ അവസ്ഥ മോശമാകുന്നത് കണ്ട ജീവനക്കാർ വിമാനത്തിൽ തന്നെ ഓക്സിജൻ സപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായി .
തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ബന്ധപ്പെട്ടു. പാക്കിസ്ഥാനിൽ ഇറങ്ങാൻ അനുവാദം ചോദിക്കുകയായിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ ഇറങ്ങാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയതെന്നാണ് റിപ്പോർട്ട്.
വിമാനം പാക്കിസ്ഥാനിൽ ലാൻഡ് ചെയ്ത ഉടൻ അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ സംഘം വിമാനത്തിലെത്തി. അദ്ദേഹത്തിൻ്റെ നില മെച്ചപ്പെട്ട ശേഷം, വിമാനം കറാച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പോകാതെ ന്യൂഡൽഹിയിലേക്ക് മടങ്ങി.അടിയന്തരസാഹചര്യങ്ങളിൽ ഇതിനുമുമ്പ് പലതവണ പാക്കിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തിയിട്ടുണ്ട്. നവംബറിൽ ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസി കാരണം വിമാനം കറാച്ചിയിൽ ഇറക്കിയിരുന്നു.