ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അട്ടിമറി ശ്രമങ്ങൾ തടയാൻ യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങൾ നൽകി റെയിൽവേ . സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സ്റ്റേഷനുകളിലും പരിസരങ്ങളിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അധികൃതർ നിർദ്ദേശിച്ചു. സംശയാസ്പദമായ എന്തും റിപ്പോർട്ട് ചെയ്യാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എഐ ഡ്രോണുകളും സിസിടിവി ശൃംഖലയും സുരക്ഷാ നടപടികൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തും.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രിമാരായ വി സോമണ്ണ, രവ്നീത് സിംഗ് ബിട്ടു എന്നിവർ ഇന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നിരുന്നു. സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളാണ് ചർച്ചാവിഷയമായത്.
റെയിൽവേ സംരക്ഷണ സേനയുടെ ഇന്റലിജൻസ് ശേഖരണം ശക്തിപ്പെടുത്തുന്നതിനൊപ്പം, എഐ അധിഷ്ഠിത നിരീക്ഷണം, ഡ്രോണുകൾ, വിപുലീകരിച്ച സിസിടിവി കവറേജ് എന്നിവയുൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഊന്നൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ ഫലപ്രദമായ ഗ്രൗണ്ട് ലെവൽ സുരക്ഷാ മാനേജ്മെന്റിനായി ആർപിഎഫും ഗവൺമെന്റ് റെയിൽവേ പോലീസും തമ്മിലുള്ള മികച്ച ഏകോപനത്തിനും മുൻഗണന നൽകും . ഈ ശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കാൻ യാത്രക്കാരോട് പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്. സംശയാസ്പദമായ ഏതൊരു പ്രവർത്തനവും ഉടൻ തന്നെ റെയിൽവേ സുരക്ഷാ ഹെൽപ്പ് ലൈൻ 139 ൽ അറിയിക്കണമെന്നും റെയിൽ വേ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
അടുത്തിടെ ഉണ്ടായ ട്രെയിനുകളിലെ തീ പിടുത്തം സാധാരണമല്ലെന്നും അതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു പിന്നാലെയാണ് ഉന്നതതലയോഗം ചേർന്നത് . സാങ്കേതിക തകരാറുകളോ ഷോർട്ട് സർക്യൂട്ടുകളോ ആണ് ഈ തീപിടുത്തങ്ങൾക്ക് കാരണമെന്ന വാദം റെയിൽവേ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിരുന്നു.
അമർപുര, കോട്ട, സസാരം, ഹൗറ എന്നിവിടങ്ങളിലാണ് ട്രെയിനുകളിൽ തീപിടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹൗറ റെയിൽവേ സ്റ്റേഷനിൽ മിഥില എക്സ്പ്രസ്സിൽ ഉണ്ടായ ഏറ്റവും പുതിയ തീപിടുത്തത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ കോച്ചിനുള്ളിൽ നിന്ന് പെട്രോളിൽ മുക്കിയ പകുതി കത്തിയ തുണി കണ്ടെടുത്തതായും റെയിൽവേ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.

