ചെന്നൈ : ക്ഷേത്ര ഫണ്ടുകൾ സർക്കാർ ഉടമസ്ഥതയിലുള്ള നോൺ-ബാങ്കിംഗ് ഫിനാൻസ് കോർപ്പറേഷനുകളിൽ നിക്ഷേപിക്കാൻ അനുവദിച്ച തമിഴ്നാട് സർക്കാർ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി . ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചു.
ജസ്റ്റിസുമാരായ ജിആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ആർബിഐക്കും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചത്.മെയ് 27-നകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ജഡ്ജിമാർ ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പിനോടും നിർദ്ദേശിച്ചു.
ക്ഷേത്ര പ്രവർത്തകനായ ടിആർ രമേശാണ് ഹർജി സമർപ്പിച്ചത്. 1963 ലെ മത സ്ഥാപന നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് ടൂറിസം, സാംസ്കാരികം, മത എൻഡോവ്മെന്റുകൾ വകുപ്പ് 2026 ഫെബ്രുവരി 17 ന് പുറപ്പെടുവിച്ച ജി.ഒ. നിയമവിരുദ്ധവും ഏകപക്ഷീയവും 1959 ലെ എച്ച്ആർ & സിഇ ആക്ടിലെയും ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 ലെയും വ്യവസ്ഥകളെ ലംഘിക്കുന്നതുമാണെന്ന് ഹർജിയിൽ പറയുന്നു.
ക്ഷേത്ര ഫണ്ടുകളിൽ നിന്ന് 2,700 കോടി രൂപ ടിഎൻപിഎഫ്സിയിൽ നിക്ഷേപിക്കുന്നത് അപകടസാധ്യതകൾക്ക് വിധേയമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നടത്തുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം നൽകാൻ ക്ഷേത്ര ഫണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും പരാതിക്കാരൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. മുൻ സ്റ്റാലിൻ സർക്കാരാണ് തമിഴ്നാട് പവർ ഫിനാൻസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ , തമിഴ്നാട് ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയ NBFC-കളിൽ നൂറുകണക്കിന് കോടി രൂപയുടെ ക്ഷേത്ര ഫണ്ട് നിക്ഷേപിക്കാൻ അനുവദിച്ചത്.

