ശ്രീനഗർ: 28 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ നാവിക സേനയും. ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിച്ചാൽ കനത്ത തിരിച്ചടി പാകിസ്ഥാന് നേരിടേണ്ടിവരുമെന്നാണ് നാവിക സേന നൽകുന്ന താക്കീത്. അതേസമയം പാകിസ്ഥാനെതിരെ നിർണായക നീക്കങ്ങളുമായി രാജ്യത്തെ മൂന്ന് സേനകളും മുന്നോട്ട് പോകുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാനായി സേനകൾക്ക് കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് താക്കീതുമായി നാവിക സേന രംഗത്ത് എത്തിയത്. പാകിസ്ഥാന്റെ ഏത് ആക്രമണവും പ്രതിരോധിക്കാൻ ശക്തമായി നീക്കങ്ങളാണ് നാവിക സേന നടത്തുന്നത്. ഇതിന്റെ ഭാഗമായി പാകിസ്ഥാനോട് ചേർന്നുള്ള അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ നാവിക സേന അത്യാധുനിക പടക്കപ്പലുകളുടെ ചിത്രം പങ്കുവച്ചും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ രുദ്ര അടക്കമുള്ള എഎൽഎച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ നേരത്തെ ഇവയുടെ പ്രവർത്തനങ്ങൾ സർക്കാർ നിർത്തിവച്ചിരുന്നു. എന്നാൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു സേനകൾക്കും എഎൽഎച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു.

