മോസ്കോ : റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിവക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രെംലിൻ . ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് ക്രെംലിന്റെ പ്രതികരണം .
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പരമപ്രധാനമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി . എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ നിർത്തിവച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പെസ്കോവ് പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ട്രംപ് അവകാശപ്പെട്ടത്, റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നാണ്. ട്രംപിന്റെ അഭിപ്രായത്തിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പരസ്പര താരിഫ് 25% ൽ നിന്ന് 18% ആയി യുഎസ് കുറയ്ക്കുമെന്നും റഷ്യൻ എണ്ണ വാങ്ങലുകൾക്ക് ചുമത്തിയിരിക്കുന്ന 25% അധിക താരിഫ് ഒഴിവാക്കുമെന്നുമാണ്.യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, റഷ്യയിൽ നിന്നുള്ള ഊർജ്ജ വാങ്ങലുകൾ കുറയ്ക്കാനോ പൂർണ്ണമായും അവസാനിപ്പിക്കാനോ അമേരിക്ക സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. റഷ്യയുടെ എണ്ണ വരുമാനം കുറയ്ക്കാനും യുക്രെയ്നിലെ യുദ്ധത്തിന് ധനസഹായം നൽകുന്നത് അവസാനിപ്പിക്കാനുമാണ് യുഎസ് ശ്രമിക്കുന്നത് . 2025 നവംബറിൽ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ സമ്മർദ്ദത്തിൽ, ചില ഇന്ത്യൻ റിഫൈനറികൾ ഇറക്കുമതി നിർത്തിവച്ചു.
യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ കാരണം ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ വിതരണം മന്ദഗതിയിലായി, 2025 ഡിസംബറിൽ ഇറക്കുമതി ഏകദേശം 22 ശതമാനം കുറഞ്ഞ് പ്രതിദിനം 1.38 ദശലക്ഷം ബാരലായി. 500 ബില്യൺ ഡോളറിന്റെ യുഎസ് സാധനങ്ങൾ വാങ്ങാനും റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി നിർത്താനും ഇന്ത്യ സമ്മതിച്ചതായി ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, “രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു.”എന്നാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

