ശ്രീനഗർ : കശ്മീർ പാകിസ്ഥാന്റെ അവിഭാജ്യഘടകമാണെന്ന് വാദമുന്നയിച്ച പാകിസ്ഥാൻ കരസേനാ മേധാവിയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ . പാകിസ്ഥാനുമായുള്ള കശ്മീരിന്റെ ഏക ബന്ധം ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ ഒഴിപ്പിക്കുക എന്നതാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു .
“നമ്മുടെ സിരകളിൽ എങ്ങനെ വിദേശികൾ ഉണ്ടാകും ? ഇത് ഇന്ത്യയുടെ ഒരു കേന്ദ്രഭരണ പ്രദേശമാണ്. പാകിസ്ഥാനുമായുള്ള അവരുടെ ഏക ബന്ധം ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ വിട്ടുകൊടുക്കുക എന്നതാണ് . പാകിസ്ഥാൻ വളരെയധികം ശ്രമിച്ചേക്കാം, പക്ഷേ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന നിലയിലുള്ള അവരുടെ പ്രശസ്തിക്ക് ഒരു കുറവും സംഭവിക്കില്ല. റാണയെ കൈമാറുന്നത് പാകിസ്ഥാന് ഒരു ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു“ അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദിൽ നടന്ന ഓവർസീസ് പാകിസ്ഥാനീസ് പ്രോഗ്രാം കോൺഫറൻസിലാണ് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ ഇന്ത്യയ്ക്കും ഹിന്ദുമതത്തിനും വിവാദ പ്രസ്താവന നടത്തിയത് .
“മതമായാലും എന്തായാലും എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണ്. പാകിസ്ഥാനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്കാരം, മതം, ചിന്ത എന്നിവയ്ക്ക് യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങൾ വ്യത്യസ്തമാണ്. നമ്മുടെ സംസ്കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങൾ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് സ്ഥാപിക്കപ്പെട്ടു. നമ്മൾ രണ്ട് രാജ്യങ്ങളാണ്, നമ്മൾ ഒരു രാജ്യമല്ല. നമ്മുടെ പൂർവ്വികർ ഈ രാജ്യത്തിനായി ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം“ എന്നാണ് മുനീർ പറഞ്ഞത് .
കശ്മീരിനെ പാകിസ്ഥാന്റെ രക്തക്കുഴൽ എന്നാണ് അസിം മുനീർ വിശേഷിപ്പിച്ചത്. ഒരു ശക്തിക്കും കശ്മീരിനെ പാകിസ്ഥാനിൽ നിന്ന് വേർപെടുത്താൻ കഴിയില്ലെന്നും മുനീർ അവകാശപ്പെട്ടു.

