ന്യൂഡൽഹി: ബംഗ്ലാദേശിന്റെ സുസ്ഥിര വികസന നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നതിനോടൊപ്പം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് സന്ദർശന വേളയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി ബംഗ്ലാദേശിനെ അറിയിച്ചത്.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്, വിദേശകാര്യ മേധാവി മുഹമ്മദ് തൗഹീദ് ഹുസൈൻ, വിദേശകാര്യ സെക്രട്ടറി ജാഷിമുദ്ദീൻ എന്നിവരുമായി മിസ്രി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കാണ് ഇടക്കാല സർക്കാർ അടിയന്തിര പ്രാധാന്യം നൽകുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിമുദ്ദീൻ, വിക്രം മിസ്രിയെ അറിയിച്ചു.
അഗർത്തലയിലെ ബംഗ്ലാദേശ് ഉപസ്ഥാനപതി കാര്യാലയത്തിന് നേർക്ക് അടുത്തയിടെ നടന്ന അനിഷ്ടസംഭവങ്ങളിൽ ജാഷിമുദ്ദീൻ ആശങ്ക അറിയിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ ബംഗ്ലാദേശ് സർക്കാർ പ്രവർത്തിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് മിസ്രി ജാഷിമുദ്ദീനെ അറിയിച്ചു. ബംഗ്ലാദേശുമായി തുറന്ന സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, പരസ്പരവിശ്വാസം, ബഹുമാനം എന്നിവയിലൂന്നി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന്റെ നയതന്ത്ര കാര്യാലയത്തിന് നേർക്ക് നടന്ന അനിഷ്ടസംഭവങ്ങളിൽ മിസ്രി ഖേദം പ്രകടിപ്പിച്ചു.
അതിർത്തി സംരക്ഷണം, ജലവിഭവ വിനിയോഗം, വാണിജ്യം, വ്യവസായം, നയതന്ത്രം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടുന്നതിന്റെ പ്രാധാന്യം വിദേശകാര്യ സെക്രട്ടറിമാർ പരസ്പരം ഓർമ്മപ്പെടുത്തി. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ ക്ഷേമം മുൻനിർത്തിയുള്ള സഹകരണം തുടരാൻ ബംഗ്ലാദേശ് സന്നദ്ധമാണെന്ന് വിദേശകാര്യ സെക്രട്ടറി ജാഷിമുദ്ദീൻ അറിയിച്ചു.
1996ലെ ഗംഗാജലം പങ്കുവെക്കൽ ഉടമ്പടി പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ഇന്ത്യയോട് അഭ്യർത്ഥിച്ചു. റോഹിംഗ്യൻ മുസ്ലീങ്ങളെ ജന്മനാടുകളിലേക്ക് മടക്കി അയക്കാൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുകയാണെന്നും ബംഗ്ലാദേശ് അറിയിച്ചു.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തിൽ ബംഗ്ലാദേശ് സർക്കാർ ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.