ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിൽ വലിയ പിളർപ്പുണ്ടായതിനു പിന്നാലെ മുൻ ക്രിക്കറ്റ് കളിക്കാരനും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ . ഹർഭജൻ സിങ് അടക്കമുള്ള ഏഴ് ആം ആദ്മി പാർട്ടി എം.പിമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയ സാഹചര്യത്തിലാണ് ഭഗവന്ത് മാൻ സർക്കാരിന്റെ നടപടി.
പഞ്ചാബ് സർക്കാർ സുരക്ഷ പിൻ വലിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഹർഭജൻ സിങ്ങിന്റെ വീടിന് പുറത്ത് സിആർപിഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാർ പെട്ടെന്ന് നടപടി സ്വീകരിച്ച് മുഴുവൻ പോലീസ് സുരക്ഷയും പിൻവലിച്ചതായി ഹർഭജൻ സിങ്ങിന്റെ പേഴ്സണൽ അസിസ്റ്റന്റ് (പിഎ) മൻദീപ് സിംഗ് പറഞ്ഞു. ഹർഭജൻ സിങ്ങിന്റെ വീടിന് പുറത്ത് നിലയുറപ്പിച്ചിരുന്ന ഏകദേശം ഒമ്പത് മുതൽ പത്ത് വരെ സുരക്ഷാ ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായും അദ്ദേഹത്തിന് നൽകിയ പൈലറ്റ് കാറും തിരിച്ചെടുത്തതായി വിവരമുണ്ട്.
സുരക്ഷ പിൻവലിച്ചത് സർക്കാരിന്റെ അതൃപ്തിയുടെ വ്യക്തമായ സൂചനയായിട്ടാണ് കാണുന്നത്. ശനിയാഴ്ച രാവിലെ ഹർഭജൻ സിങ്ങിന്റെ വസതിക്ക് പുറത്ത് കറുത്ത പെയിന്റിൽ ” പഞ്ചാബിന്റെ രാജ്യദ്രോഹി ” എന്ന് എഴുതിയിരുന്നു. ചിലർ “രാജ്യദ്രോഹി” എന്ന് സ്പ്രേ പെയിന്റ് ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയും പുറത്തുവന്നു.
ശനിയാഴ്ച ആം ആദ്മി പാർട്ടി പ്രവർത്തകർ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ചു. പാർട്ടി വിട്ട എംപിമാരെ “രാജ്യദ്രോഹികൾ” എന്ന് വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. ചണ്ഡീഗഡിൽ നടന്ന പത്രസമ്മേളനത്തിൽ, ഈ നേതാക്കൾ പാർട്ടിയെ മാത്രമല്ല, പഞ്ചാബിലെ ജനങ്ങളുടെ വിശ്വാസത്തെയും വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

