ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വനപ്രദേശത്ത് ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. ഗുപ്തകാശിയിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് തീർത്ഥാടകരുമായി പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ടിനും സോൻപ്രയാഗിനും ഇടയിലാണ് അപകടം.
സാങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേശൻ പറഞ്ഞു. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് ആദ്യം അവശിഷ്ടങ്ങൾ കണ്ടെടുത്തത്, തുടർന്ന് അധികൃതരെ അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മെയ് 2 ന് കേദാർനാഥ് തീർത്ഥാടനം ആരംഭിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്.
സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങളിൽ എസ്ഡിആർഎഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

