ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ അമ്മയായ ഹിരാബെൻ മോദിയുടെയും പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന ഡീപ്ഫേക്ക് വീഡിയോയ്ക്കെതിരെ ഡൽഹി പോലീസ് ശക്തമായ നടപടിയുമായി രംഗത്ത് . ബിജെപിയുടെ പരാതിയിൽ, നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ കോൺഗ്രസിനും കോൺഗ്രസ് ഐടി സെല്ലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി ഡൽഹി ഇലക്ഷൻ സെൽ കൺവീനർ സങ്കിത് ഗുപ്തയാണ് പരാതി നൽകിയത്.
സെപ്റ്റംബർ 10 നാണ് , കോൺഗ്രസ് ഐഎൻസി ബിഹാറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ നിന്ന് എക്സിൽ (ട്വിറ്റർ) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ച ഒരു വ്യാജ വീഡിയോ പങ്ക് വച്ചത് . സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ, പ്രധാനമന്ത്രി മോദിയുടെയും അമ്മയുടെയും ചിത്രം അവഹേളിക്കുന്ന രീതിയിൽ കാണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുക മാത്രമല്ല , ഒരു സ്ത്രീയുടെ അന്തസ്സിനും മാതൃത്വത്തിനും നേരെയുള്ള കടുത്ത അപമാനവുമാണിതെന്ന് പരാതിയിൽ പറയുന്നു . രാഷ്ട്രീയത്തിന്റെ പരിധിക്കപ്പുറം ഒരാളുടെ വ്യക്തിജീവിതത്തിനും കുടുംബത്തിനും നേരെയുള്ള ആക്രമണമാണിതെന്ന് ബിജെപി ഇതിനെ വിശേഷിപ്പിച്ചു. ബിഹാറിലെ ദർഭംഗയിൽ നടന്ന കോൺഗ്രസ്-ആർജെഡി വോട്ടർ അവകാശ യാത്രയ്ക്കിടെയും പ്രധാനമന്ത്രിക്കും അമ്മയ്ക്കുമെതിരെ മോശം പരാമർശങ്ങൾ നടത്തിയിരുന്നു . കോൺഗ്രസിന്റെ ഈ പ്രവൃത്തി നന്നായി ആസൂത്രണം ചെയ്തതാണെന്നും തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നും പരാതിക്കാരനായ സങ്കിത് ഗുപ്ത പറയുന്നു.
ഡൽഹി പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 318(2), 336(3)(4), 340(2), 352, 356(2), 61(2) എന്നീ വകുപ്പുകൾ പ്രകാരവും ഐടി ആക്ടിലെയും ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ ഡിജിറ്റൽ തെളിവുകളും ശേഖരിച്ച് കേസിൽ സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

