ഗുണ്ടൂർ : സിനിമ കണ്ടുകൊണ്ടിരിക്കെ ബ്രെയിൻ ട്യൂമർ രോഗിയ്ക്ക് ശസ്ത്രക്രിയ . ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് രോഗി ഉണർന്നിരിക്കവേ തന്നെ ഡോക്ടർമാർ ബ്രെയിൻ ട്യൂമർ വിജയകരമായി നീക്കം ചെയ്തത്.പ്രകാശം ജില്ലയിൽ നിന്നുള്ള കോടേശ്വരമ്മയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്.
രോഗിയെ പൂർണ്ണ ജനറൽ അനസ്തേഷ്യയ്ക്ക് വിധേയമാക്കാതെയായിരുന്നു ശസ്ത്രക്രിയ . രോഗിയെ സമ്മർദ്ദങ്ങളില്ലാതെ ശാന്തയാക്കാനും പൂർണ്ണ സഹകരണം ഉറപ്പാക്കാനുമാണ് ശസ്ത്രക്രിയ തിയേറ്ററിനുള്ളിൽ സിനിമ പ്ലേ ചെയ്തത്. ന്യൂറോ സർജൻമാരായ ഡോ. അരുൺ കുമാർ, ഡോ. രാജശേഖർ, അനസ്തേഷ്യ വിദഗ്ധർ, നഴ്സുമാർ, ടെക്നീഷ്യൻമാർ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിക്ക് പൂർണ്ണമായും അനസ്തേഷ്യ നൽകിയിട്ടില്ലാത്തതിനാൽ, ശസ്ത്രക്രിയയ്ക്കിടെ കോടേശ്വരമ്മ ബോധവതിയായിരുന്നു. സംസാരം, ഓർമ്മ, ചലനം എന്നിവ നിരീക്ഷിക്കാൻ ഇത് സഹായിച്ചു. ട്യൂമർ കൂടുതൽ സുരക്ഷിതമായി നീക്കം ചെയ്യാനുമായതായി ഡോ. അരുൺ കുമാർ പറഞ്ഞു.
സംസാരത്തെയും ചലനത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾക്കടുത്തായിരുന്നു ട്യൂമർ ഉണ്ടായിരുന്നത്. ബ്രെയിൻ സർജറി നടത്താനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം രോഗി പൂർണ്ണ ബോധവതിയായിരിക്കുമ്പോൾ ചെയ്യുക എന്നതായിരുന്നു.
ശസ്ത്രക്രിയയ്ക്കിടെ, രോഗി ചോദ്യങ്ങളോട് പ്രതികരിക്കുകയും മെഡിക്കൽ സംഘവുമായി സംസാരിക്കുകയും ചെയ്തു. രോഗി പവൻ കല്യാണിന്റെ വലിയ ആരാധകയാണ്. അതുകൊണ്ട് താരത്തിന്റെ ‘ദേ കോൾ ഹിം ഒജി’ എന്ന സിനിമയാണ് പ്ലേ ചെയ്തത്. ശസ്ത്രക്രിയ വലിയ വിജയമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സങ്കീർണതകളില്ലാതെ ട്യൂമർ നീക്കം ചെയ്തു. രോഗി സുഖം പ്രാപിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

