ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പൊതു ഹിയറിങ്ങ് ‘ ജൻസുൻവായ് ‘ യ്ക്കിടെടെയായിരുന്നു സംഭവം . അക്രമി ഗുജറാത്ത് രാജ്കോട്ട് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു .
മുതിർന്ന ബിജെപി നേതാക്കളും ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയിട്ടുണ്ട്. രാജേഷ് നായ സ്നേഹിയാണെന്നും ഡൽഹി എൻസിആറിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ സമീപകാല വിധിയിൽ രാജേഷ് അസ്വസ്ഥനാണെന്നും അമ്മ ഭാനു പറഞ്ഞു.
“എന്റെ മകൻ ഒരു മൃഗസ്നേഹിയാണ്, നായ പ്രശ്നത്തിൽ സങ്കടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അവൻ ഡൽഹിയിലേക്ക് പോയത്.” ഭാനു പറഞ്ഞു . നായയെ തല്ലരുതെന്നും അതിന് റൊട്ടി കൊടുക്കണമെന്നും തന്റെ മകൻ പറയാറുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. അതേസമയം, പ്രതിയായ രാജേഷിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അവർ അവകാശപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജ് നിവാസ് മാർഗിലുള്ള ക്യാമ്പ് ഓഫീസിലാണ് എല്ലാ ബുധനാഴ്ചയും പൊതുജന പരാതി കേൾക്കൽ നടക്കുന്നത്. രാവിലെ 7 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. ഡൽഹിയിലെമ്പാടുമുള്ള ആളുകൾ പരാതികളുമായി എത്താറുണ്ട് . മുഖ്യമന്ത്രി ഓരോ പരാതിക്കാരനെയും ഓരോരുത്തരായി സന്ദർശിക്കുന്നു. രാവിലെ 8 മണിയോടെ മുഖ്യമന്ത്രി പ്രതിയുടെ അടുത്തെത്തിയപ്പോഴാണ് രാജേഷ് ആക്രമിച്ചത് . പോലീസ് ഉടൻ ഇയാളെ പിടികൂടി സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.അതേസമയം, മുഖ്യമന്ത്രിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ എതിരാളികൾക്ക് സഹിക്കാൻ കഴിയില്ലെന്നും ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.

