ശ്രീനഗർ: പാകിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചതിന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാനെ പിരിച്ചുവിട്ടു. . ജമ്മു സ്വദേശിയും 41-ാം ബറ്റാലിയനിലെ കോൺസ്റ്റബിളുമായ മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. സേനയുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണ് ജവാന്റെ പ്രവൃത്തികളെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
പാക് പൗരയായ മിനാൽ ഖാനെ വിവാഹം കഴിക്കാൻ 2023 ൽ മുനീർ വകുപ്പ് തല അനുമതി തേടിയിരുന്നു. എന്നാൽ ഇതിൽ തീരുമാനമാകും മുൻപ് 2024 മേയിൽ ഇരുവരും വിവാഹിതരായി. വിഡിയോ കോൺഫറൻസിങ് വഴിയാണ് രണ്ടു രാജ്യത്തിരുന്ന് വിവാഹച്ചടങ്ങുകൾ പൂർത്തീകരിച്ചത്.
2025 ഫെബ്രുവരിയിൽ മിനാൽ ഇന്ത്യയിലെത്തി. ഇതിനിടെ പഹൽഗാം ആക്രമണത്തിനു പിന്നാലെ പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശം വന്നു. തുടർന്ന് ജവാൻ തന്റെ ഭാര്യയെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഭാര്യയെ താൽക്കാലികമായി ഇന്ത്യയിൽ തുടരാൻ അനുവദിച്ചുകൊണ്ട് കോടതി ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വിഷയം കോടതിയിൽ എത്തിയതിനു ശേഷമാണ് ജവാന്റെ പാകിസ്ഥാൻ യുവതിയുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇതിനുശേഷമാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്.

