ന്യൂഡൽഹി ; ഇന്ത്യയെ നരകമെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇത്രയും ചെറിയ ഒരു കാര്യത്തിൽ ഇന്ത്യ പ്രകോപിതരാകില്ലെന്നാണ് തരൂരിന്റെ മറുപടി.
ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പോലെ നിസ്സാരമായ ഒരു കാര്യത്തെക്കുറിച്ച് ഇന്ത്യ പ്രകോപിതരാകരുതെന്ന് ഫ്രാൻസ് 24 ന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു. “ഇത് ഞങ്ങളുടെ നയതന്ത്രമല്ല. ഞാൻ ഇന്ത്യൻ സർക്കാരിൽ ആയിരുന്നെങ്കിൽ, ഞാൻ ഇത് അവഗണിക്കുമായിരുന്നു‘ എന്നും തരൂർ പറഞ്ഞു.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെ “നരകം പോലുള്ള സ്ഥലങ്ങൾ” എന്നാണ് പോഡ്കാസ്റ്റിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത് . ഇതിന്റെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം . ഗർഭിണിയായിരിക്കുമ്പോൾ കുടിയേറ്റക്കാർ കുട്ടികൾക്ക് പൗരത്വം ലഭിക്കാൻ യുഎസിലേക്ക് വരുന്നുവെന്നും ട്രമ്പ് പറഞ്ഞിരുന്നു.
അതേസമയം ഈ വിഷയത്തിൽ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രിയ സുഹൃത്ത് നമസ്തേ ട്രംപ് ഇന്ത്യയെക്കുറിച്ച് അപമാനകരമായ ഭാഷ ഉപയോഗിച്ചുവെന്ന് ഖാർഗെ പറഞ്ഞു . ഈ പ്രസ്താവനകളെക്കുറിച്ച് മോദി മൗനം പാലിക്കുന്നുവെന്നും ഖാർഗെ ആരോപിച്ചിരുന്നു.

