ന്യൂഡൽഹി : സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചുള്ള ചർച്ച അന്താരാഷ്ട്രവൽക്കരിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് നിരൂപകൻ വിക്ടർ ഗാവോ. പാകിസ്ഥാനെതിരെ വെള്ളം “ആയുധമാക്കാൻ” ഇന്ത്യ തീരുമാനിച്ചാൽ, ടിബറ്റിൽ നിന്ന് ഉത്ഭവിക്കുന്ന നദിയുടെ ഒഴുക്കിനെ സ്വാധീനിക്കാൻ ചൈനയ്ക്കും കഴിയുമെന്നാണ് വിക്ടർ ഗാവോയുടെ മുന്നറിയിപ്പ്.
ബെയ്ജിംഗ് ആസ്ഥാനമായുള്ള സെന്റർ ഫോർ ചൈന ആൻഡ് ഗ്ലോബലൈസേഷന്റെ വൈസ് പ്രസിഡന്റാണ് വിക്ടർ . പാകിസ്താനിൽ നടന്ന സെമിനാറിൽ സംസാരിക്കുന്നതിനിടെയായിരുന്നു പാകിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യയെ പരോക്ഷമായി ഭീഷണിപ്പെടുത്താനുള്ള വിക്ടറിന്റെ ശ്രമം .
പുരാതന ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷ്യസിനെ ഉദ്ധരിച്ചായിരുന്നു വിക്ടറിന്റെ പ്രസംഗം . “മറ്റുള്ളവർ നിങ്ങളോട് ചെയ്യരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ മറ്റുള്ളവരോടും ചെയ്യരുത് . ഇന്ത്യ ജലത്തെ ഭൗമരാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുത്. സിന്ധു നദി ആത്യന്തികമായി ടിബറ്റൻ പീഠഭൂമിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. സമാധാനകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് മനഃപൂർവ്വം വെള്ളം നിഷേധിക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ആണ്. യുദ്ധസമയത്ത് അങ്ങനെ ചെയ്യുന്നത് യുദ്ധ കുറ്റകൃത്യമാണ്.
ചൈനയ്ക്കും പാകിസ്ഥാനും അടുത്ത പങ്കാളികൾ എന്ന നിലയിൽ സിന്ധു ജല ഉടമ്പടിയുടെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം . ഉഭയകക്ഷി സിന്ധു ജല ഉടമ്പടിയെ ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നിവ ഉൾപ്പെടുന്ന ത്രികക്ഷി സംവിധാനമാക്കി മാറ്റുക എന്ന ആശയവും “ ഗാവോ മുന്നോട്ടുവച്ചു.

