ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ തടഞ്ഞതായി പരാതി . വിദേശകാര്യ മന്ത്രാലയം (എംഇഎ) പറയുന്നതനുസരിച്ച്, അഫ്ഗാൻ മന്ത്രിയുടെ പത്രസമ്മേളനത്തിൽ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറലിൽ നിന്നുള്ള തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കാണ് ക്ഷണക്കത്ത് ലഭിച്ചത്.
അതുകൊണ്ട് തന്നെ അഫ്ഗാൻ എംബസിയിൽ വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല . ചില വനിതാ മാധ്യമപ്രവർത്തകരെ മീറ്റിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതായും പരാതിയുയർന്നു . പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ, നിരവധി മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും എല്ലാ വനിതാ റിപ്പോർട്ടർമാരും വസ്ത്രധാരണരീതിയെ മാനിച്ചിരുന്നതായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
പരിപാടിയിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ ‘വിലക്കിനെക്കുറിച്ച്’ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് “വ്യക്തമാക്കാൻ” കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ആവശ്യപ്പെട്ടു. “ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ചില സ്ത്രീകളെ അപമാനിക്കുന്നത് നമ്മുടെ രാജ്യത്ത് എങ്ങനെയാണ് അനുവദിച്ചതെന്ന് അവർ ചോദിച്ചു
സ്ത്രീകളെ പരിപാടിയിൽ അനുവദിക്കുന്നില്ലെന്ന് കണ്ടെത്തിയപ്പോൾ പുരുഷ മാധ്യമപ്രവർത്തകർ പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ടതായിരുന്നുവെന്ന് മുൻ മന്ത്രി പി ചിദംബരം പറഞ്ഞു. “അഫ്ഗാനിസ്ഥാനിലെ ആമിർ ഖാൻ മുത്താക്കി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് കേട്ട് ഞാൻ ഞെട്ടിപ്പോയി. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, വനിതാ സഹപ്രവർത്തകരെ ഒഴിവാക്കിയതായി കണ്ടപ്പോൾ പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോവേണ്ടതായിരുന്നു,” അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ സ്ത്രീകൾക്ക് മേൽ മുൻപും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ, അഫ്ഗാൻ സർവകലാശാലകളിലെ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ പോലും നിരോധിക്കുകയും ലിംഗഭേദവും വികസനവും, വനിതാ സാമൂഹ്യശാസ്ത്രം, മനുഷ്യാവകാശങ്ങൾ, അഫ്ഗാൻ ഭരണഘടനാ നിയമം, ആഗോളവൽക്കരണവും വികസനവും ഉൾപ്പെടെ 18 കോഴ്സുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

