ന്യൂഡൽഹി ; രാജ്യ തലസ്ഥാനത്തെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ കർശനമായ നിലപാടുമായി മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ . കോർപ്പറേഷൻ ടീമുകൾ നഗരത്തിലെ 12 സോണുകളിലും സമഗ്രമായ എൻഫോഴ്സ്മെന്റ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
എം.സി.ഡി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ 41 നിർമ്മാണങ്ങൾ പൊളിച്ചുമാറ്റി. മാസ്റ്റർ പ്ലാനിന്റെയും കെട്ടിട നിർമ്മാണ നിയമങ്ങളുടെയും ഗുരുതരമായ ലംഘനങ്ങൾക്ക് 61 വസ്തുവകകൾ സീൽ ചെയ്തു.
32 കെട്ടിടങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും മൂന്നെണ്ണം പൊളിക്കാനുള്ള ഉത്തരവുകൾ ഇറങ്ങുകയും ചെയ്തതായി എം.സി.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ഈസ്റ്റ് സോണിലെ ഖുറേജി ഖാസ്, ജഗത്പുരി, ലക്ഷ്മി നഗർ പ്രദേശങ്ങളിലെ നിരവധി അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റി. ബഹുനില കെട്ടിടങ്ങളിലെ അനധികൃത നിർമ്മാണങ്ങളും പൊളിച്ചുമാറ്റി. ചാന്ദ്നി ചൗക്കിലെ കുച്ച മഹാജനിയിലെ 54 ജ്വല്ലറി ഷോപ്പുകളും നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു.
വെസ്റ്റ് സോണിൽ, പശ്ചിമ് പുരി, മാദിപൂർ, സുഭാഷ് നഗർ, ഉത്തം നഗർ , ബക്കർവാല റോഡ്, നംഗ്ലോയ് എന്നിവിടങ്ങളിൽ തറ സ്ലാബുകൾ, മേൽക്കൂര പാനലുകൾ, അനധികൃതമായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റി. നടപടികൾ തുടരുമെന്ന് എംസിഡി വ്യക്തമാക്കിയിട്ടുണ്ട് .
സത്യ നികേതൻ സംഭവത്തെത്തുടർന്ന്, പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങളുടെ സുരക്ഷാ പരിശോധനകൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് . ഇതിന്റെ ഭാഗമായി, ഡൽഹിയിലുടനീളമുള്ള പിജി കെട്ടിടങ്ങളുടെ സമഗ്രമായ സർവേ കോർപ്പറേഷൻ ആരംഭിച്ചു. ഇതുവരെ 1,355 കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഏകദേശം 27,000 വിദ്യാർത്ഥികളെയും യുവാക്കളെയും ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്നും എംസിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

