ന്യൂഡൽഹി : 2026 ലെ ബ്രിക്സ് ഉച്ചകോടിയ്ക്ക് വേദിയാകുകയാണ് ഇന്ത്യ . നിരവധി പ്രധാന രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ, പ്രധാനമന്ത്രിമാർ, മുതിർന്ന മന്ത്രിമാർ എന്നിവർ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും. സെപ്റ്റംബർ 12, 13 തീയതികളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി ഈ ഉച്ചകോടി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ആഗോള സമ്പദ്വ്യവസ്ഥ, വ്യാപാരം, ഊർജ്ജം, വികസനം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബ്രിക്സ് ഫോറം ചർച്ച ചെയ്യും. നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഉഭയകക്ഷി കൂടിക്കാഴ്ചകളിലും പങ്കെടുക്കും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട് . ഇന്ന് മോദിയും പുടിനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നാണ് സൂചന . പ്രതിരോധം, ഊർജ്ജം, വ്യാപാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാകും.
ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശിക്കുന്നുണ്ട് . 2020 ലെ ഗാൽവാൻ സംഘർഷത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ചയായിരിക്കുമിത് . ഏകദേശം ഏഴ് വർഷത്തിന് ശേഷമുള്ള ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിലും പ്രാധാന്യമുള്ളതാണ് .
ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തായ്ലൻഡ് പ്രധാനമന്ത്രിമാരും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട് . ഫിലിപ്പീൻസ് പ്രസിഡന്റ്, വിയറ്റ്നാം പ്രധാനമന്ത്രി, മലേഷ്യ പ്രധാനമന്ത്രി, ഈജിപ്ത് പ്രസിഡന്റ് എന്നിവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
കൂടാതെ, ഉസ്ബെക്കിസ്ഥാൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തവും ബ്രിക്സിൽ ഉണ്ടാകും . അബുദാബി കിരീടാവകാശിയും സൗദി അറേബ്യ, ബഹ്റൈൻ വിദേശകാര്യ മന്ത്രിമാരും , ബ്രസീൽ, ക്യൂബ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കാനെത്തും.
ബ്രിക്സ് ഉച്ചകോടിയിൽ നിരവധി പ്രധാന അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലും ഉച്ചകോടിയിൽ പങ്കെടുക്കാനെത്തും . കൂടാതെ, ന്യൂ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ പ്രസിഡന്റും ഉച്ചകോടിയ്ക്കായി എത്തും.

