ന്യൂഡൽഹി ; കേരളത്തെ ഉൾപ്പെടുത്തി അപൂർവ്വ ധാതു ഇടനാഴി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും, കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ പദ്ധതിക്കായി പരിഗണിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും വിഴിഞ്ഞം – ചവറ അപൂർവ എർത്ത് കോറിഡോർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ധാതു സമ്പന്നമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനവും സംസ്കരണവും വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി നാൽപ്പതിനായിരം കോടി രൂപ നീക്കി വയ്ക്കും. ഇതിലൂടെ കേരളത്തിന്റെ ധാതു സമ്പത്ത് ഉപയോഗപ്പെടുത്താൻ സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. “അപൂർവ്വ എർത്ത് സ്ഥിരം കാന്തങ്ങൾക്കായുള്ള പദ്ധതി 2025 നവംബറിൽ ആരംഭിച്ചു. ഇപ്പോൾ, ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്ക് ഞങ്ങൾ പിന്തുണ പ്രഖ്യാപിക്കുന്നു. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ അപൂർവ എർത്ത് ധാതുക്കളുടെ ഖനനം, സംസ്കരണം, ഗവേഷണം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന്“ നിർമ്മല സീതാരാമൻ പറഞ്ഞു.1
7 രാസ മൂലകങ്ങളുടെ ഒരു കൂട്ടമാണ് അപൂർവ ഭൗമ ലോഹങ്ങൾ. അവയുടെ പേരുകളിൽ “അപൂർവ്വം” എന്ന വാക്ക് അടങ്ങിയിട്ടുണ്ടെങ്കിലും, ഭൂമിയുടെ പുറംതോടിൽ അവ ഗണ്യമായ അളവിൽ കാണപ്പെടുന്നു; ശുദ്ധമായ രൂപത്തിൽ വേർതിരിച്ചെടുക്കാൻ സാങ്കേതികമായി വളരെ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമായതിനാൽ ആണ് അവയെ അപൂർവമെന്ന് വിളിക്കുന്നത്.
ഇന്ന്, സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹന (ഇവി) മോട്ടോറുകൾ, വിൻഡ് ടർബൈനുകൾ, കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, മിസൈൽ ഗൈഡൻസ് സിസ്റ്റങ്ങൾ പോലുള്ള പ്രതിരോധ ഉപകരണങ്ങൾ എന്നിവയിൽ പോലും ഇവ ഉപയോഗിക്കുന്നു. ചൈന നിലവിൽ ആഗോള ഉൽപ്പാദനത്തിലും സംസ്കരണത്തിലും മുൻപന്തിയിലാണ്.

