വഡോദര ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ വിക്സിത് ഗുജറാത്ത് സെ വിക്സിത് ഭാരത്‘ എന്ന ദർശനത്തിനൊപ്പം കൈകോർത്ത് അംബാനി, അദാനി ഗ്രൂപ്പുകൾ . ഇരു കമ്പനികളും ചേർന്ന് ഗുജറാത്തിൽ നിക്ഷേപിക്കുന്നത് 8 ലക്ഷം കോടിയാണ്. കച്ച്, സൗരാഷ്ട്ര എന്നിവയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത അഞ്ച് വർഷത്തേക്ക് കച്ച് മേഖലയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
അദാനി തുറമുഖങ്ങളുടെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും മാനേജിംഗ് ഡയറക്ടർ കരൺ അദാനിയാണ് പരിപാടിയിൽ പങ്കെടുത്തത്. പുനരുപയോഗ ഊർജ്ജ ശേഷി വികസിപ്പിക്കുന്നതിനും, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, വ്യാവസായിക പദ്ധതികൾ വികസിപ്പിക്കുന്നതിനുമായാണ് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത് . ഈ നിക്ഷേപത്തിന്റെ ഒരു പ്രധാന ഭാഗം 2030 ഓടെ 37 ഗിഗാവാട്ട് ഖാവ്ഡ പുനരുപയോഗ ഊർജ്ജ പാർക്കിലേക്ക് നയിക്കും, അടുത്ത ദശകത്തിൽ മുന്ദ്ര തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കും.
ഇന്ത്യ 2047 ലെ വിക്ഷിത് ഭാരതിലേക്ക് പുരോഗമിക്കുമ്പോൾ, ഗുജറാത്ത് രാജ്യത്തിന്റെ പരിവർത്തനത്തിന്റെ നട്ടെല്ലായി മാറുമെന്നാണ് സൂചന .”ശക്തവും സ്വാശ്രയവും ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വിശ്വസനീയ പങ്കാളിയാകാൻ അദാനി ഗ്രൂപ്പ് ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്.
ഒരുകാലത്ത് വിദൂരവും വെല്ലുവിളി നിറഞ്ഞതുമായി കണക്കാക്കപ്പെട്ടിരുന്ന കച്ച് ഇന്ന് ഇന്ത്യയിലെ ഏറ്റവും തന്ത്രപ്രധാനമായ വ്യാവസായിക, ലോജിസ്റ്റിക്സ്, ഊർജ്ജ കേന്ദ്രങ്ങളിൽ ഒന്നായി ഉയർന്നുവന്നിട്ടുണ്ട്. അദാനി ഗ്രൂപ്പിന്, മുന്ദ്ര നമ്മുടെ കർമ്മ ഭൂമിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും പൂർണ്ണമായും സംയോജിതമായ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ഗേറ്റ്വേയും മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് സ്മെൽറ്റർ പ്ലാന്റ്, കൽക്കരി മുതൽ പിവിസി സമുച്ചയം, സോളാർ നിർമ്മാണ സമുച്ചയം എന്നിവയും ഇവിടെയുണ്ട്. “ കരൺ അദാനി പറഞ്ഞു.
അതേസമയം, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസും പ്രധാന നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ നിക്ഷേപം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3.5 ലക്ഷം കോടിയിൽ നിന്ന് 7 ലക്ഷം കോടി രൂപയായി ഇരട്ടിയാക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ഗുജറാത്തിനെ “ഇന്ത്യയുടെ AI പയനിയർ” ആക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ജാംനഗറിൽ, ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഊർജ്ജ ആവാസവ്യവസ്ഥയാണ് അംബാനി ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്.

