ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴഗ വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്യെ സിബിഐ സംഘം ചോദ്യം ചെയ്തു . ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു നിന്നു . ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ പ്രക്രിയ വൈകുന്നേരം 5 മണിയോടെയാണ് പൂർത്തിയായത്. വിജയ്യെ മൂന്നംഗ സിബിഐ സംഘമാണ് ചോദ്യം ചെയ്തത്.
വിജയ്യുടെ മൊഴി നിലവിൽ സാക്ഷി എന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് . അന്വേഷണ സംഘം നടനോട് 35 ലധികം ചോദ്യങ്ങൾ ചോദിച്ചതായാണ് റിപ്പോർട്ട്. സിബിഐ ആസ്ഥാനത്ത് സുപ്രീം കോടതിയിൽ നിന്നുള്ള അഭിഭാഷകരും വിജയ്ക്കൊപ്പം ഉണ്ടായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം, പരിശോധനയ്ക്കായി വിജയ്ക്ക് നൽകി. കരൂരിലെ പരിപാടിയുടെ സംഘാടകർ ആരായിരുന്നു, പരിപാടിയുടെ പൂർണ ഉത്തരവാദിത്തം ആർക്കായിരുന്നു, വിജയ് പരിപാടിക്ക് വൈകിയെത്തിയത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളാണ് സിബിഐ പ്രധാനമായും ചോദിച്ചത്.
ടിവികെ പാർട്ടി നേതാക്കളായ എൻ ആനന്ദ്, ആദവ് അർജുന, നിർമ്മൽ കുമാർ എന്നിവരെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. വിജയ് ആദ്യമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ടിവികെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് സുപ്രീം കോടതി ഇക്കാര്യത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ന് രാവിലെ 10:30 ഓടെയാണ് വിജയ് ചോദ്യം ചെയ്യലിനായി ഡൽഹിയിൽ എത്തിയത്. താരത്തെ കാണാൻ നിരവധി ആരാധകരും ടിവികെ പ്രവർത്തകരും സിബിഐ ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.

