പൂനെ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം രണ്ട് തവണ ലാൻഡിംഗ് ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ . ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്റാഡാർ24 പ്രകാരം, വിമാനം ബാരാമതി വിമാനത്താവളത്തിലേക്ക് രണ്ടാമതും അടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നു വീണത്.
ലിയർജെറ്റ് 45 എന്ന വിമാനം വിഎസ്ആർ വെഞ്ചേഴ്സാണ് പ്രവർത്തിപ്പിച്ചത്. ഡിജിസിഎ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മുതിർന്ന ഉദ്യോഗസ്ഥൻ ,അജിത് പവാർ, അദ്ദേഹത്തിന്റെ പിഎസ്ഒ, രണ്ട് ക്രൂ അംഗങ്ങൾ (പൈലറ്റ് ഇൻ കമാൻഡ്, ഫസ്റ്റ് ഓഫീസർ) എന്നിവരുൾപ്പെടെ അഞ്ച് യാത്രക്കാരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
1959 ജൂലൈ 22 ന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ ദിയോലാലി പ്രവാര എന്ന ഗ്രാമത്തിലാണ് അജിത് പവാർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അനന്തറാവു പവാർ മുംബൈയിലെ പ്രശസ്തമായ രാജ്കമൽ സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്നു. പിതാവിന്റെ മരണശേഷം മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡിൽ നിന്ന് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്സി) തലം വരെ മാത്രമാണ് അദ്ദേഹത്തിന് പഠിക്കാൻ സാധിച്ചത്.
1982 ആയപ്പോഴേക്കും അമ്മാവൻ ശരദ് പവാർ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രമുഖ കോൺഗ്രസ് നേതാവായി മാറിക്കഴിരുന്നു. 23 വയസ്സുള്ളപ്പോൾ അജിത് പവാർ ഒരു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അജിത് പവാറിന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കമിട്ടത് അമ്മാവനായ ശരദ് പവാറാണ്. അദ്ദേഹത്തിന് രാഷ്ട്രീയ വൈദഗ്ധ്യവും സംഘടനാ തന്ത്രങ്ങളും പഠിപ്പിച്ചുകൊടുത്ത് ബാരാമതി മേഖലയെ ഒരു കുടുംബ രാഷ്ട്രീയ ശക്തികേന്ദ്രമാക്കി മാറ്റി. അവരുടെ രാഷ്ട്രീയ ബന്ധവും തുടർന്നുള്ള രാഷ്ട്രീയ പിളർപ്പും വിവിധ ഘട്ടങ്ങളിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തെ സ്വാധീനിച്ചു.
1991 ൽ ബാരാമതി ലോക്സഭാ സീറ്റ് നേടിക്കൊണ്ടാണ് അജിത് പവാർ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഈ വിജയം വെറുമൊരു വ്യക്തിപരമായ വിജയമായിരുന്നില്ല, മറിച്ച് ശരദ് പവാറിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. പിന്നീട്, കേന്ദ്ര സർക്കാരിൽ പ്രതിരോധ മന്ത്രിയാകാൻ വേണ്ടി, അജിത് പവാർ തന്റെ അമ്മാവനായ ശരദ് പവാറിന് വേണ്ടി ആ സ്ഥാനം ഒഴിഞ്ഞുകൊടുത്തു. ആ സമയത്ത് അജിത് പവാർ പൂർണ്ണമായും ശരദ് പവാറിന്റെ നേതൃത്വത്തിന് കീഴിലായിരുന്നു
കാലക്രമേണ, ശരദ് പവാറിന്റെ അനന്തരവനായി മാത്രം അജിത് പവാർ ഒതുങ്ങിയില്ല. ജലസേചനം, ധനകാര്യം, ഭരണം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം, മഹാരാഷ്ട്ര സർക്കാരിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി മാറി. ബാരാമതി മേഖലയിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ആധിപത്യവും അതിശക്തമായിരുന്നു.

