ന്യൂഡൽഹി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യവുമായി മമത ബാനർജിയ്ക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും . ബാരാമതിക്ക് സമീപം നടന്ന വിമാനാപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്.
“ഈ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇത് വളരെ ദുഃഖകരമായ ഒരു സംഭവമാണ്. അജിത് പവാറിന്റെ അകാല മരണം. ഇത്രയും കഠിനാധ്വാനിയായ ഒരാളുടെ വിയോഗത്തിൽ ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി. ഈ ദുഃഖസമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്.”എന്നാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന .
അജിത് പവാർ ശരദ് പവാറിന്റെ പാർട്ടിയിലേക്ക് മടങ്ങാൻ പോകുകയായിരുന്നുവെന്നും , ഈ സമയത്ത് നടന്ന വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് മമത പറയുന്നത് .ഏജൻസികൾ വഴിയല്ല അതിനാൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അവർ പറഞ്ഞു.
അതേസമയം മമതയ്ക്കെതിരെ എം പി കങ്കണ റണാവത്ത് രംഗത്തെത്തി. “ഇന്ന് എത്ര വലിയ ദുരന്തമാണ് സംഭവിച്ചത്. പാർലമെന്റിലും നാമെല്ലാവരും ഇതിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ഈ സമയത്ത് ഇത്തരം നീചമായ വാക്കുകൾ സംസാരിക്കുന്നത് മമത ബാനർജിക്ക് അനുയോജ്യമല്ല” കങ്കണ പറഞ്ഞു.

