പൂനെ : അജിത് പവാർ സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്തയുടൻ സ്ഫോടനമുണ്ടായതായി ദൃക്സാക്ഷി. മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത് . ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, അവസാന നിമിഷവും വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചു. പിന്നീട് ഏകദേശം 100 അടി അകലെ നിന്ന് താഴേക്ക് പതിച്ചു. പൈലറ്റ് അടിയന്തര ലാൻഡിംഗിന് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല . ലാൻഡിംഗിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് തെന്നിമാറി തകർന്നുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അപകടസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷി ഭയാനകമായ രംഗത്തിനാണ് താൻ സാക്ഷ്യം വഹിച്ചതെന്നാണ് പറയുന്നത് . ” വിമാനം താഴേക്ക് ഇറങ്ങുമ്പോൾ, അത് തകരുമെന്ന് എനിക്ക് പെട്ടെന്ന് തോന്നി, അത് തന്നെയാണ് സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്തയുടനെ ഒരു വലിയ സ്ഫോടനം ഉണ്ടായി. മുഴുവൻ വിമാനത്തിനും തീപിടിച്ചു, തുടർന്ന് നാലോ അഞ്ചോ സ്ഫോടനങ്ങൾ ഉണ്ടായി.
നാട്ടുകാർ ഉടൻ തന്നെ സഹായത്തിനായി ഓടിയെത്തി . വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും തീ വളരെ ശക്തമായിരുന്നതിനാൽ ആർക്കും അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. പിന്നീടാണ്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അജിത് ദാദ വിമാനത്തിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത് .‘ അദ്ദേഹം പറയുന്നു.
ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി അജിത് പവാർ ബുധനാഴ്ച ബാരാമതിയിൽ നിരവധി റാലികളെ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തകരും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. സാങ്കേതിക തകരാറുകൾ, കാലാവസ്ഥ, പൈലറ്റിംഗ് പിഴവ് എന്നിവയുൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്

