ധാക്ക ; ബംഗ്ലാദേശ് വൈദ്യുതി ബില്ലുകൾ ഉടൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് . കുടിശ്ശിക പേയ്മെന്റുകൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിതരണം കട്ടാക്കുമെന്നും ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡിന് (പിഡിബി) അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗ്ലാദേശ് മാധ്യമമായ പ്രോതോം അലോയിലെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി 29 ന്, അദാനി പവർ ലിമിറ്റഡ് വൈസ് പ്രസിഡന്റ് അവിനാശ് അനുരാഗ് കുടിശ്ശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പിഡിബി ചെയർമാന് കത്ത് അയച്ചു.പവർ പ്ലാന്റിന്റെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കാൻ 112.7 മില്യൺ ഡോളർ (ഏകദേശം ₹1,000 കോടി) അടിയന്തരമായി നൽകേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂൺ വരെയുള്ള 53.2 മില്യൺ ഡോളറിന്റെ കുടിശ്ശികയും ഒക്ടോബറിലെ വൈദ്യുതി വിതരണത്തിനുള്ള 59.6 മില്യൺ ഡോളറിന്റെ കുടിശ്ശികയും ഇതിൽ ഉൾപ്പെടുന്നു. പണം അടയ്ക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും , ബംഗ്ലാദേശ് വൈദ്യുതി ബോർഡ് ഈ തുക നൽകാൻ തയ്യാറായില്ല.
കുടിശ്ശിക തുക വർദ്ധിച്ചുവരുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിൽ ബുദ്ധിമുട്ടുണ്ടെന്നും , കുടിശ്ശിക തുക നൽകിയില്ലെങ്കിൽ വൈദ്യുതി വിതരണം, അറ്റകുറ്റപ്പണികൾ, പവർ പ്ലാന്റുമായി ബന്ധപ്പെട്ട പങ്കാളികൾ എന്നിവയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അദാനി ഗ്രൂപ്പ് ബംഗ്ലാദേശ് വൈദ്യുതി വകുപ്പിന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.ജാർഖണ്ഡിലെ ഗൊഡ്ഡയിലുള്ള അദാനി പവർ പ്ലാന്റിൽ നിന്നാണ് ബംഗ്ലാദേശ് വൻതോതിൽ വൈദ്യുതി വാങ്ങുന്നത്.
പണമടയ്ക്കാൻ വൈകിയതിനെ തുടന്ന് അദാനി ഗ്രൂപ്പും, ബംഗ്ലാദേശ് വൈദ്യുതി വകുപ്പും തമ്മിൽ തർക്കമുണ്ട് . എങ്കിലും നിലവിൽ വൈദ്യുതി വിതരണം തടസമില്ലാതെ തുടരുന്നു . എന്നാൽ പണം അടയ്ക്കുന്നത് ഇനിയും വൈകിയാൽ വൈദ്യുതി വിതരണം നിർത്തിവയ്ക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
കഴിഞ്ഞ വർഷവും അദാനി ഗ്രൂപ്പ് വൈദ്യുതിയുടെ പണം ആവശ്യപ്പെട്ട് ബംഗ്ലാദേശിന് കത്ത് നൽകിയിരുന്നു. നവംബർ 10 വരെ പണം അടയ്ക്കാൻ പിഡിബിക്ക് സമയപരിധി നൽകി. പണം ലഭിച്ചില്ലെങ്കിൽ നവംബർ 11 മുതൽ വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. അതോടെ ബംഗ്ലാദേശ് ആ മാസം അദാനിക്ക് 100 മില്യൺ ഡോളർ നൽകി. എന്നാൽ കുടിശ്ശിക തുക ഡിസംബറിൽ വീണ്ടും ഉയരാൻ തുടങ്ങി.പിന്നീട് ബംഗ്ലാദേശ് പണം അദാനി ഗ്രൂപ്പിന് നൽകിയതുമില്ല.

