ചെന്നൈ : കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ വിമാനത്താവളത്തിന് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലിനുശേഷമാണ് പ്രതികളായ തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരെ അറസ്റ്റ് ചെയ്തത്. കാലിൽ വെടിവച്ചാണ് ഇവരെ വീഴ്ത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത് . പുരുഷ സുഹൃത്തിനൊപ്പം കാറിൽ പോകുമ്പോൾ പ്രതികൾ ബലമായി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താനായി ഏഴ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു.
2026 ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ ഈ സംഭവം രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമായി. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി കോയമ്പത്തൂരിലും സംസ്ഥാനത്തുടനീളവും പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചു.
ബിജെപി ഇന്നലെ വൈകുന്നേരം കോയമ്പത്തൂരിൽ പ്രതിഷേധപ്രകടനം നടത്തുകയും സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കോയമ്പത്തൂർ സംഭവം “തികച്ചും ഞെട്ടിപ്പിക്കുന്നതാണ്” എന്നാണ് ബിജെപി നേതാവ് കെ അണ്ണാമലൈ പറഞ്ഞത്,
“തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സ്ത്രീകൾക്കെതിരായ ഇത്തരം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ സാമൂഹിക വിരുദ്ധർക്ക് നിയമത്തെയോ പോലീസിനെയോ ഒരു തരത്തിലും ഭയമില്ലെന്നാണ് കാണിക്കുന്നത്. ഡിഎംകെ മന്ത്രിമാർ മുതൽ നിയമപാലകർ വരെ, ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു വ്യക്തമായ പ്രവണതയുണ്ട് .
“പൊതു സുരക്ഷ ഉറപ്പാക്കാനോ ക്രമസമാധാനം നിലനിർത്താനോ പോലീസിനെ ഉപയോഗിക്കുന്നതിനുപകരം, ഭരണകൂടത്തെ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ മാത്രമാണ് ഡിഎംകെ സർക്കാർ അവരെ ഉപയോഗിക്കുന്നത്, ഇത് തമിഴ്നാടിനെ അങ്ങേയറ്റം അപമാനകരമായ അവസ്ഥയിലാക്കുന്നു,” അദ്ദേഹം എക്സിലെ പോസ്റ്റിൽ പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) ചെയർപേഴ്സൺ കോയമ്പത്തൂർ ആക്രമണത്തെ “സംസ്ഥാന പോലീസിന്റെ പരാജയം” എന്നാണ് വിശേഷിപ്പിച്ചത്.

