ഡബ്ലിൻ: സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടനുമായി കൂടിക്കാഴ്ച നടത്തി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലൂഎംഎഫ്) പ്രതിനിധികൾ. സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. രണ്ട് മണിക്കൂർ നേരം നീണ്ട കൂടിക്കാഴ്ചയിൽ പ്രതിനിധികൾ വിവിധ വിഷയങ്ങൾ മേയറുടെ ശ്രദ്ധയിൽപ്പെടുത്തി. അയർലന്റിലെ ആദ്യ ഇന്ത്യൻ മേയറാണ് ബേബി പെരേപ്പാടൻ.
ഡബ്ലിനിൽ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്ന മേയറെ പ്രതിനിധികൾ അഭിനന്ദിച്ചു. ആന്റി മൈഗ്രേഷൻ പ്രകടനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സംഘടനകളുടെ ആവശ്യകത,മാറ്റങ്ങളോട് കൂടിയ പ്രവർത്തന രീതി എന്നിവയും ചർച്ചയായി.
തദ്ദേശീയരുമായി ചേർന്ന് പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുള്ള സംഘടനയുടെ ശ്രമം മേയറെ പ്രതിനിധികൾ ബോദ്ധ്യപ്പെടുത്തി. ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുമെന്ന് മേയർ അറിയിച്ചു. ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റോസെലെറ് ഫിലിപ്പ്, അയർലന്റ് കോർഡിനേറ്റർ ഷൈജു തോമസ്, സ്മിത അലക്സ്, ജോസ്മോൻ ഫ്രാൻസിസ്, ബിബിൻചന്ദ് എന്നിവരാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്.