ഡബ്ലിൻ: യൂറോപ്പിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നു. യുവതീ-യുവാക്കളുടെ മരണത്തിന്റെ പ്രധാനകാരണമായി ആത്മഹത്യ മാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡിന് മുൻപ് അയർലൻഡിൽ ആത്മഹത്യാ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷം അയർലൻഡിൽ ഉൾപ്പെടെ ആത്മഹത്യകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.
യൂറോപ്പിലെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള യൂറോഫൗണ്ടിന്റെ റിപ്പോർട്ട് പ്രകാരം, 2021-ൽ 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 18.9 ശതമാനം മരണങ്ങളും ആത്മഹത്യ മൂലമാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. 16.5 ശതമാനം പേർക്ക് വാഹനാപകടത്തിലാണ് ജീവൻ നഷ്ടമായത്.
സ്ത്രീകളേക്കാൾ പുരുഷന്മരിലാണ് ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ മോശം മാനസികാവസ്ഥയെ തുടർന്ന് ചികിത്സ തേടിയവരിൽ ഏറിയ പങ്കും സ്ത്രീകളാണ്. 20 വയസ്സിന് താഴെയുള്ള സ്ത്രീകളിലും 85 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലും ആത്മഹത്യകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഇതേ തുടർന്ന് ഇവരെ ആത്മഹത്യയ്ക്ക് ഇരയാകുന്നവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

