ഡബ്ലിൻ: ക്രംലിനിലെ സ്റ്റാറ്റിക് സ്പീഡ് ക്യാമറ അടുത്ത മാസം മുതൽ പ്രവർത്തിച്ച് തുടങ്ങും. ഓഗസ്റ്റ് ഒന്ന് മുതൽ ക്യാമറ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ അമിതവേഗത കണ്ടെത്തുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാകും ക്യാമറ പ്രവർത്തിച്ച് തുടങ്ങുക. ക്രംലിനിലെ ഡോൾഫിൻസ് ബാണിൽ ആണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വേഗത പരിധി കടന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. നിയമ ലംഘകർക്ക് 160 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ് ലഭിക്കുക.
അടുത്തിടെ പ്രദേശത്ത് അമിതവേഗതയെ തുടർന്നുള്ള അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

