ഡബ്ലിൻ: കുട്ടികളുടെ ഡീപ്ഫേക്ക് വീഡിയോ സൃഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. രക്ഷിതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് കുറ്റവാളികൾ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം എന്നും സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഡീപ് ഫേക്ക് വീഡിയോകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പെർസ്പെക്റ്റ്സ് ഗ്ലോബൽ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. ഇതിൽ ലഭിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
യുകെയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുള്ള രണ്ടായിരം രക്ഷിതാക്കളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. രക്ഷിതാക്കൾ ഓരോ മാസവും ശരാശരി 63 ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

