കോർക്ക്: കോർക്കിലെ ബാൻഡണിലുള്ള വീടിന് പുറത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആരാഞ്ഞ് നിർദ്ദേശം പുറപ്പെടുവിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
വ്യാഴാഴ്ച ആയിരുന്നു വീടിന് പുറത്ത് നിന്നും സ്ഫോടക വസ്തു കണ്ടെത്തിയത്. പൊട്ടിത്തെറിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.50 നും 3.30 നും ഇടയിൽ ബാൻഡൻ ടൗണിലെ ലോറൽ വാക്ക്, അലൻ സ്ക്വയർ, നോർത്ത് മെയിൻ സ്ട്രീറ്റ്/ഡൻമാൻവേ റോഡ് പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ആരുടെയെങ്കിലും ശ്രദ്ധയിൽ അസാധാരണമായ വിധം എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം. ഈ സമയം അതുവഴി കടന്നുപോയ വാഹനങ്ങളുടെ സമയം പരിശോധിക്കാനും നിർദ്ദേശമുണ്ട്.

