ഡബ്ലിൻ: അടുത്ത നാല് വർഷത്തിനുള്ള 13000 വീടുകൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് ലാൻഡ് ഡെവലപ്മെന്റ് ഏജൻസി. ഇതിനോടകം തന്നെ 3,215 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. 2030 ആകുമ്പോഴേയ്ക്കും 13,000 വീടുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള പ്രവർത്തനത്തിലാണ് തങ്ങളെന്ന് എൽഡിഎ വ്യക്തമാക്കുന്നു. മിഡ് ഇയർ പ്രോഗ്രസ് റിപ്പോർട്ടിലാണ് ഏജൻസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
20 പദ്ധതികളുടെ ഭാഗമായി നിലവിൽ 6500 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ വർഷം 1800 വീടുകൾ പൂർത്തീകരിക്കും. അടുത്ത വർഷം ഇതുൾപ്പെടെ 3000 വീടുകൾ വിതരണം ചെയ്യും. 2028 ൽ 3500 വീടുകളുടെ വിതരണം പൂർത്തിയാക്കുമെന്നും എൽഡിഎ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ താങ്ങാനാവുന്ന വിലയിൽ വീടുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിനായി 2018ലാണ് എൽഡിഎ രൂപീകരിച്ചത്.

