ഡബ്ലിൻ: അയർലൻഡിനെ ഭീതിയിലാഴ്ത്തി ബ്രാം ചുഴലിക്കാറ്റ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള പശ്ചാത്തലത്താൽ മെറ്റ് ഐറാൻ ജാഗ്രതാ നിർദ്ദേശത്തിൽ മാറ്റം വരുത്തി. നിലവിൽ രാജ്യം മുഴുവൻ ഓറഞ്ച് വിൻഡ് വാണിംഗ് ആണ്.
ബ്രാം ചുഴലിക്കാറ്റ് കരയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇത് ശക്തമായ തെക്കൻകാറ്റ് സൃഷ്ടിക്കും. പടിഞ്ഞാറ് ദിശയിലേക്ക് വീശുന്ന കാറ്റ് അതിശക്തമായിരിക്കും. കാറ്റിനെ തുടർന്ന് രാജ്യത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കും കാറ്റ് കാരണമാകും.
കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഓറഞ്ച് മുന്നറിയിപ്പുണ്ട്. കാവാൻ, മോനാഗൻ, ക്ലെയർ, ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കൊണാച്ച് എന്നിവിടങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 7 മണി വരെ ഓറഞ്ച് വാണിംഗ് ആയിരിക്കും. ഡൊണഗലിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരിക്കും.

