ലിമെറിക്ക്: ലിമെറിക്കിൽ വൻ ലഹരിവേട്ട. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മില്യൺ യൂറോയിലധികം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യും. ലഹരിക്കടത്തിനായി ഉപയോഗിച്ചിട്ടുള്ള വാഹനങ്ങളും പിടിച്ചെടുത്തു.
20,40,60 വയസ്സുള്ല പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. പിടിച്ചെടുത്തവയിൽ 1.6 മില്യൺ യൂറോ വിലമതിയ്ക്കുന്ന കൊക്കെയ്ൻ, 529,000 യൂറോ വിലമതിക്കുന്ന ഡയമോർഫിൻ, ചെറിയ അളവിൽ സൈലോസിൻ (മാജിക് കൂൺ) എന്നിവ ഉൾപ്പെടുന്നു. പരിശോധനയിൽ 34,300 യൂറോ പണവും പിടിച്ചെടുത്തു. ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും പ്രാദേശിക ഗാർഡ യൂണിറ്റുകളും സഹകരിച്ചാണ് ദൗത്യം നടത്തുന്നത്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

