ഡബ്ലിൻ: ഊർജ്ജവിലകൾ ഉയരുന്നതിനിടെ ഗാർഹിക വൈദ്യുതി ഉപയോഗം കുറയ്ക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലൻഡ് (ഇഎഐ). മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഗൈഡ് പ്രസിദ്ധീകരിച്ചു. ഗാർഹിക ഉപയോഗം മനസിലാക്കാനും ഇതുവഴി ഊർജ്ജ ഉപയോഗം കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. എനർജി ബിൽ എന്ന പേരിലാണ് ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്.
ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിന്, സ്മാർട്ട് മീറ്ററുകൾ കൂടുതലായി ഉപയോഗിക്കാനും, വൈദ്യുതി ഉപയോഗം പീക്ക് സമയങ്ങളിൽ നിന്ന് മാറ്റാനും, സ്മാർട്ട് താരിഫുകൾ പരിഗണിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. യൂണിറ്റ് നിരക്കുകൾ, സ്റ്റാൻഡിംഗ് ചാർജുകൾ, ലെവികൾ, വാറ്റ് എന്നിവയുൾപ്പെടെ ബില്ലുകളുടെ വിവിധ ഘടകങ്ങൾ വിഭജിച്ച് വൈദ്യുതി ചെലവുകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ധാരണ വർദ്ധിപ്പിക്കാൻ പുതിയ ഗൈഡ് ലക്ഷ്യമിടുന്നു.

