ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമാകുന്നു. ഇന്നലെ രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 670 പേരാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഇവർക്ക് ട്രോളികളിലും മറ്റ് സംവിധാനങ്ങളിലും ചികിത്സ നൽകിവരുന്നുണ്ടെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി.
670 പേരിൽ 419 പേർ എമർജൻസി വിഭാഗങ്ങളിലാണ് ചികിത്സ തേടിയിട്ടുള്ളത്. ബാക്കിയുള്ളവർ വാർഡുകളിലും മറ്റും ചികിത്സയിലാണ്. കിടക്കകൾക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ളത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിലാണ്. 81 പേർ ഇവിടെ ട്രോളികളിൽ ചികിത്സയിലാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 78 രോഗികളും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 73 പേരും ട്രോളികളിൽ ചികിത്സയിലാണ്.

