വാട്ടർഫോർഡ്: വിമാനയാത്രയ്ക്കിടെ മലയാളി കുടുംബത്തിന്റെ വിലപിടിപ്പിക്കുള്ള സാധനങ്ങൾ വിമാന അധികൃതർ നഷ്ടപ്പെടുത്തിയതായി പരാതി. വാട്ടർഫോർഡ് മലയാളികളായ ബിജോയിയ്ക്കും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. ഇൻഡിഗോ വിമാനയാത്രയ്ക്കിടെ ആയിരുന്നു സംഭവം. കൊല്ലം കുളക്കട സ്വദേശിയാണ് ബിജോയ്.
ജൂലൈ 23 ന് ആയിരുന്നു ഭാര്യ ഷീന മാത്യൂസിനും മകനുമൊപ്പം ബിജോയ് അവധിയ്ക്ക് നാട്ടിൽ എത്തിയത്. മുംബൈ വഴി കൊച്ചി എയർപോർട്ടിലേക്ക് ആയിരുന്നു യാത്ര. നാല് ബാഗുകളായിരുന്നു ഇവർ കയ്യിൽ കരുതിയിരുന്നത്. എന്നാൽ മുംബൈയിൽ ഇറങ്ങിയപ്പോൾ ഇതിൽ ഒരു ലഗേജ് കാണാനില്ലായിരുന്നു.
തുടർന്ന് രേഖാമൂലം പരാതി നൽകി. ഇതിന് പിന്നാലെ ഈ മാസം രണ്ടിന് ലഗേജ് തിരിച്ച് നൽകിയെങ്കിലും ബാഗിൽ നിന്നും ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പരാതി ഉന്നയിച്ചെങ്കിലും അന്വേഷണം നടക്കുന്നുവെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം. സംഭവത്തിൽ കേരള പോലീസിനും ബിജോയ് പരാതി നൽകിയിട്ടുണ്ട്.

