ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത്. കസ്റ്റഡിയിലായ 20 കാരൻ പാകിസ്ഥാൻ സ്വദേശിയാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി മാദ്ധ്യമങ്ങൾ 20 കാരൻ പാകിസ്ഥാൻ സ്വദേശിയാണെന്ന തരത്തിൽ വാർത്തകളും നൽകുന്നുണ്ട്. അതേസമയം പ്രശ്നങ്ങൾ ഭയന്ന് പ്രതി ഐറിഷ് പൗരൻ തന്നെയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് പോലീസും സർക്കാരും.
കഴിഞ്ഞ ദിവസം ആയിരുന്നു കാപ്പെൽ സ്ട്രീറ്റിൽവച്ച് പോലീസുകാരന് കുത്തേറ്റത്. പട്രോളിംഗിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി പോലീസുകാരനെ കുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസുകാർ അതിസാഹസികമായിട്ടായിരുന്നു പിടികൂടിയത്.
ബ്ലാഞ്ചാർട്സ് ടൗണിൽ ഉൾപ്പെടെ പ്രതിയ്ക്ക് നിരവധി വിലാസങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പോലീസുകാരനെ ആക്രമിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പട്രോളിംഗ് നടത്തുന്ന രണ്ട് പോലീസുകാരെയും ആക്രമിക്കാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്.

