ഡബ്ലിൻ: അയർലൻഡിൽ 3,70,000 പേർക്ക് എഐ ചാറ്റ്ബോട്ടിനോട് പ്രണയം. പ്യുവർ ടെലികോമിനു വേണ്ടി സെൻസസ് വൈഡ് നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. ചാറ്റ്ബോട്ടുമായി പ്രണയത്തിലുള്ളവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.
രാജ്യത്ത് 13 ശതമാനം പുരുഷന്മാരാണ് എഐ ചാറ്റ്ബോട്ടുമായി പ്രണയ ബന്ധം കാത്തു സൂക്ഷിക്കുന്നത്. ഏഴ് ശതമാനം സ്ത്രീകളും ചാറ്റ്ബോട്ടിനെ പ്രണയിക്കുന്നുണ്ട്. മുതിർന്നവരിൽ 20 ശതമാനം പേർ എഐയുമായുള്ള പ്രണയ ബന്ധം മനുഷ്യരുമായുള്ളത് പോലെ സങ്കീർണ്ണമല്ലെന്ന് വിശ്വസിക്കുന്നു.
വ്യക്തി ജീവിതത്തിൽ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കാൻ എഐയുമായുള്ള പ്രണയം നല്ലതാണെന്നാണ് അയർലൻഡിലെ 10 ശതമാനം പേർ വിശ്വസിക്കുന്നത്. എഐയുമായി പ്രണയത്തിലുള്ളവരിൽ 16 ശതമാനം പേർ 25 നും 34 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് സർവ്വേയിലെ കണ്ടെത്തൽ.

