ഡാളസ്: ആവേശകരമായ നോക്കൗട്ട് മത്സരത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഈജിപ്ത് പ്രീക്വാർട്ടറിൽ കടന്നു. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. എക്സ്ട്രാ ടൈമിലും സ്കോർ തുല്യമായിരുന്നു. ഷൂട്ടൗട്ടിൽ 4-2നാണ് ഈജിപ്തിന്റെ വിജയം.
13ആം മിനിറ്റിൽ ഈജിപ്ത് ആയിരുന്നു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഇമാം അഷൗറായിരുന്നു സ്കോറർ. കരിം ഹാഫിസിന്റെ അസിസ്റ്റ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ അഷൗർ ഗോളാക്കി മാറ്റുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഓസ്ട്രേലിയ ഉണർന്ന് കളിച്ചു. എന്നാൽ ഈജിപ്ത് പ്രതിരോധം കടുപ്പിച്ചതോടെ, ആദ്യ പകുതിയിൽ പിന്നീട് ഗോൾ പിറന്നില്ല.
55-ാം മിനിറ്റിൽ മുഹമ്മദ് ഹനിയുടെ സെൽഫ് ഗോളിലൂടെയാണ് ഓസീസ് സമനില പിടിച്ചത്. എയ്ഡൻ ഒനീലിന്റെ ഫ്രീ കിക്ക് പ്രതിരോധിക്കുന്നതിനിടെയായിരുന്നു അബദ്ധത്തിൽ പന്ത് വലയിലെത്തിയത്. തുടർന്ന് ഇരുടീമുകളും ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ഇഞ്ചുറി ടൈമും എക്സ്ട്രാ ടൈമും ഗോൾ രഹിതമായി തുടർന്നതോടെ, മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ രണ്ട് കിക്കുകൾ ലക്ഷ്യം കാണാതെ പോയി. എന്നാൽ മറുവശത്ത് ഈജിപത് ആദ്യ നാലുകിക്കുകളും വലയിലെത്തിച്ച് ജയം സ്വന്തമാക്കുകയായിരുന്നു.

