ബംഗലൂരു: നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ബിക്കാറാം എന്നയാൾ നേരത്തേ കർണാടകയിൽ അറസ്റ്റിലായിരുന്നു. കുപ്രസിദ്ധ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ എന്ന് അവകാശവാദം ഉന്നയിക്കുന്ന ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറി.
രാജസ്ഥാനിലെ ജലോർ സ്വദേശിയായ ബിക്കാറാം ജോലി അന്വേഷിച്ചാണ് കർണാടകയിലെ ഹവേരിയിൽ എത്തിയത്. ഇയാളെ വാടക മുറിയിൽ നിന്നാണ് പിടികൂടിയതെന്ന് കർണാടക പോലീസ് അറിയിച്ചു. നിർമ്മാണ തൊഴിലാളിയായ ഇയാൾക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
മാസങ്ങൾക്ക് മുൻപാണ് ബിക്കാറാം കർണാടകയിൽ എത്തിയത്. ഒന്നര മാസം മുൻപാണ് ഇയാൾ ഹവേരിയിൽ എത്തിച്ചേർന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ലോറൻസ് ബിഷ്ണോയ്. തങ്ങളുടെ സമുദായം വിശുദ്ധമായി കരുതുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സൽമാൻ ഖാനെ ഏത് വിധേനെയും വകവരുത്തുമെന്ന് ഇയാൾ പല തവണ ഭീഷണി മുഴക്കിയിരുന്നു.