ദുബായ്: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ലാഹോറിൽ നടക്കാനിരുന്ന ഷെഡ്യൂൾ ലോഞ്ച്, അവസാന നിമിഷം മാറ്റിവെച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഷെഡ്യൂൾ ലോഞ്ച് മാറ്റിവെക്കാനുള്ള ഐസിസിയുടെ നടപടി ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവുമായി മുതിർന്ന പാക് താരങ്ങളും പിസിബി അധികൃതരും രംഗത്ത് വന്നു. ടൂർണമെന്റ് പാകിസ്താനിലാണ് നടക്കുന്നതെങ്കിൽ ഇന്ത്യ പങ്കെടുക്കില്ല എന്ന് ബിസിസിഐ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങൾ പാകിസ്താന് പുറത്തെ മറ്റൊരു വേദിയിൽ നടത്തുക എന്ന ഫോർമുലയോട് ആഭിമുഖ്യമില്ലെങ്കിലും, ഇന്ത്യയെ പങ്കെടുപ്പിക്കാതെ ഒരു ഐസിസി ടൂർണമെന്റ് എന്നത് കടുത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുമെന്നതിനാൽ, മനസ്സില്ലാ മനസ്സോടെയാണെങ്കിലും പാകിസ്താൻ ഇതിന് മൗനാനുവാദം നൽകിയിരുന്നു. ഇങ്ങനെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടു എന്ന് കരുതിയിരുന്നിടത്താണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ഞെട്ടിച്ചു കൊണ്ടുള്ള ഐസിസിയുടെ പുതിയ നടപടി.
അതേസമയം, ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ പുനക്രമീകരണം പൂർത്തിയാകാത്തതിനാലാകാം ലോഞ്ച് മാറ്റിവെച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പിസിബി അധികൃതരുടെ അനൗദ്യോഗിക വിശദീകരണം. എന്നാൽ, ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങൾ പാകിസ്താന് പുറത്ത് നടത്തുന്നതിനോട് പിസിബിയ്ക്കുള്ളിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ടെന്നും, ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ പിസിബിക്ക് സാധിക്കാത്തിലുള്ള അതൃപ്തി മൂലമാണ് ഐസിസി ലോഞ്ച് മാറ്റിവെച്ചതെന്നും അന്താരാഷ്ട്ര സ്പോർട്സ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.