2019 ഓഗസ്റ്റ് മാസത്തിലാണ് പാലക്കാട് നെന്മാറയിലെ സുധാകരന്റെ ഭാര്യ മുപ്പത്തിയഞ്ച് വയസ്സുകാരിയായ സജിതയെ അയൽവാസിയായ ചെന്താമര എന്ന നീചൻ നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീട്ടിൽ നിരന്തരം പ്രശ്നക്കാരനായിരുന്ന ചെന്താമരയെ ഉപേക്ഷിച്ച് ഭാര്യയും മകളും വീടുവിട്ടതോടെ, പ്രശ്നപരിഹാരത്തിനായി ചെന്താമര ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു. മുടി നീട്ടി വളർത്തിയ ഒരു സ്ത്രീ കാരണമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന ജ്യോത്സ്യന്റെ വാക്കുകളാണ് ചെന്താമരയെ സജിതയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്.
സുധാകരൻ ജോലിക്കായി തിരുപ്പൂരിലും മക്കൾ സ്കൂളിലും പോയിരുന്ന സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന സജിതയെ ചെന്താമര നിർദ്ദയം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ നാല് ദിവസങ്ങൾക്ക് ശേഷം പോലീസ് പിടികൂടുകയായിരുന്നു. ജ്യോത്സ്യൻ പറഞ്ഞ ലക്ഷണങ്ങൾ ഒത്തുവന്ന സ്ത്രീയായതിനാലാണ് സജിതയെ കൊലപ്പെടുത്തിയതെന്ന് ചെന്താമര പോലീസിന് മൊഴി നൽകി. തുടർന്ന് ഇയാൾ ജയിലിലായി.
ഇടയ്ക്ക് ജാമ്യത്തിലിറങ്ങിയ ചെന്താമര, സുധാകരനെതിരെ പലയിടങ്ങളിലും നിന്ന് വധഭീഷണി മുഴക്കി. ‘എന്റെ നാശത്തിന് കാരണക്കാരിയായ ഒരെണ്ണത്തിനെ ഞാൻ തീർത്തു, ഇനി രണ്ടെണ്ണം കൂടി ബാക്കിയുണ്ട്, അവരെ കൂടി തീർത്തിട്ടേ ഞാൻ പോകൂ‘ എന്നായിരുന്നു ഇയാളുടെ ഭീഷണി.
സജിത കൊലക്കേസിൽ വിചാരണ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചെന്താമര വീണ്ടും നെന്മാറയുടെ പരിസര പ്രദേശങ്ങളിൽ എത്തി. സദാസമയവും കൈയ്യിൽ ആയുധവുമായി നടക്കുന്ന ചെന്താമരയെ നാട്ടുകാർ ആകെ ഭയപ്പെട്ടു. ചെന്താമര നാട്ടിലിറങ്ങിയ വിവരമറിഞ്ഞ് ഭയന്ന സുധാകരന്റെ മകൾ ബന്ധുവീട്ടിലേക്ക് താമസത്തിനായി പോയി.
ചെന്താമരയെ ഭയന്ന സുധാകരന്റെ കുടുംബം പോലീസിൽ രേഖാമൂലം പരാതി നൽകി. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലാണ് ചെന്താമരയെന്നും തങ്ങൾക്ക് സുരക്ഷ വേണമെന്നുമായിരുന്നു പരാതിയിലെ ഉള്ളടക്കം. ജാമ്യവ്യവസ്ഥ ലംഘിച്ച്, നിയമത്തെ വെല്ലുവിളിച്ച് നാട്ടിൽ തന്നെ വിലസുകയായിരുന്നു അപ്പോൾ ചെന്താമര. കൊടും ക്രിമിനലായ ഇയാളെ സ്റ്റേഷനിൽ വിളിപ്പിച്ച് ഉപദേശിച്ച് വിടുക മാത്രമായിരുന്നു പോലീസ് ചെയ്തത്.
ജനുവരി 27ന് സ്കൂട്ടറിൽ പുറത്തേക്ക് പോയ സുധാകരനെ വഴിയിൽ തടഞ്ഞു നിർത്തി ചെന്താമര നിസ്സാരമായി വെട്ടിക്കൊലപ്പെടുത്തി. നിലവിളി കേട്ട് ഓടിയെത്തിയ സുധാകരന്റെ അമ്മ ലക്ഷ്മിയെയും ചെന്താമര മൃഗീയമായി വെട്ടിയരിഞ്ഞു. പലതവണ, പലയിടങ്ങളിൽ, പലരോടായി മുഴക്കിയ ഭീഷണി അയാൾ ഒടുവിൽ ഒരു തടസ്സവുമില്ലാതെ നിറവേറ്റി. ശേഷം വീണ്ടും ഒളിവിൽ പോയി. ഒളിവിൽ കഴിഞ്ഞിരുന്ന ചെന്താമരയെ, തൊട്ടടുത്ത ദിവസം വീടിന് സമീപം വെച്ച് പോലീസ് പിടികൂടി.
ജാമ്യത്തിൽ പുറത്തിറങ്ങിയ ചെന്താമരയിൽ നിന്നും ഭീഷണി ഉണ്ടെന്ന് അറിഞ്ഞിട്ടും സുധാകരന്റെ കുടുംബത്തെ രക്ഷിക്കാൻ പോലീസ് ഒന്നും ചെയ്തില്ല. ജാമ്യവ്യവസ്ഥ ലംഘിച്ച് അയാൾ നാട്ടിൽ താമസമാക്കിയിട്ടും, അയാളുടെ ജാമ്യം റദ്ദാക്കാൻ ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒടുവിൽ പ്രാണൻ കൈയ്യിൽ പിടിച്ച് സുധാകരന്റെ കുടുംബം നൽകിയ പരാതിയിലും ആത്മാർത്ഥമായ യാതൊരുവിധ ഇടപെടലും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
പോലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ കണ്ടെത്തിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. നിഷ്ക്രിയമായി നിന്ന പോലീസ് നിസ്സംഗമായി രണ്ട് ജീവനുകളെ മരണത്തിന് വിട്ടുകൊടുത്തു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് നിരാലംബയായ അമ്മയെ അരുംകൊല ചെയ്തവൻ ഇന്ന് നിയമത്തിന്റെ എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കിക്കൊണ്ട് അച്ഛനെയും മുത്തശ്ശിയെയും കൂടി അതേ കൊലക്കത്തിക്ക് ഇരയാക്കി. അച്ഛനും അമ്മയും എല്ലാവരും പോയില്ലേ, ഞങ്ങൾക്കിനി ആരുണ്ട് എന്ന് ചോദിച്ച് പരസ്പരം കെട്ടിപ്പിടിച്ച് കരയുന്ന രണ്ട് പെൺകുട്ടികൾ മാത്രം ഇനി ആ വീട്ടിൽ ബാക്കി.
ആ കുട്ടികളുടെ ഭാവിക്കും ജീവനും ഇനിയെന്താണ് ഉറപ്പ് എന്ന ചോദ്യമാണ് പൊതുസമൂഹം പോലീസ് ഉൾപ്പെടുന്ന നിയമസംവിധാനത്തോട് ചോദിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് പട്ടാപ്പകൽ വീട്ടിൽ കയറി ഒരു സ്ത്രീയെ കൊലപ്പെടുത്തിയവൻ ഇന്ന് അതേ കുടുംബത്തിലെ രണ്ട് പേരെ കൂടി സമാനമായ രീതിയിൽ കൊലപ്പെടുത്തിയിരിക്കുന്നു. ഇനി നാളെ വീണ്ടും ചെന്താമര എന്ന ഇരുകാലി പുറത്തിറങ്ങിയാൽ എന്താകും ആ കുട്ടികളുടെ സ്ഥിതി? പോലീസിനെ കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് നാട്ടുകാർ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ച് പറയുകയാണ്.
ഇനിയിപ്പോൾ കുട്ടികളെ വെറുതെ വിടാനുള്ള മഹാമനസ്കത ചെന്താമരയ്ക്ക് തോന്നാൻ ദൈവത്തോട് പ്രാർത്ഥിക്കാം. ഒപ്പം, ചെന്താമരയ്ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാൻ അവസരമൊരുക്കിയിട്ട്, നൂറിലധികം പോലീസുകാരുമായി കാടിളക്കി ഒടുവിൽ അയാളെ പിടികൂടി വയറുനിറയെ ഭക്ഷണവും വാങ്ങി കൊടുത്ത്, കാവൽ നിൽക്കുന്ന നെന്മാറ പോലീസിന്റെ ശുഷ്കാന്തിയെ താണുവണങ്ങാം. ജയിലിൽ കഴിയുന്ന മറ്റുള്ള ചെന്താമരമാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി നമുക്ക് ഖണ്ഡകാവ്യങ്ങൾ രചിക്കാം.