ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ചെപ്പോക്കിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ആതിഥേയരെ ബാറ്റിംഗിന് ക്ഷണിച്ചു. ആദ്യ മത്സരത്തിലേത് പോലെ, ക്യാപ്ടൻ ജോസ് ബട്ട്ലർ ഒഴികെ മറ്റാർക്കും ഇംഗ്ലീഷ് നിരയിൽ കാര്യമായി തിളങ്ങാൻ സാധിക്കാതെ പോയതോടെ, നിശ്ചിത ഓവറുകൾ പൂർത്തിയാക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന ടോട്ടൽ ഇംഗ്ലണ്ട് കുറിച്ചു.
45 റൺസെടുത്ത ബട്ട്ലറിന് പിന്നാലെ, 17 പന്തിൽ 31 റൺസ് നേടിയ ബ്രൈഡൻ കാഴ്സിന്റെ പ്രകടനം മാത്രമാണ് ഇംഗ്ലണ്ടിന് എടുത്ത് പറയാൻ ഉണ്ടായിരുന്നത്. ഇന്ത്യക്ക് വേണ്ടി അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, അർഷ്ദീപ് സിംഗ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിംഗിൽ ആദ്യ മത്സരത്തിലേത് പോലെ അനായാസമായിരുന്നില്ല ഇന്ത്യക്ക് കാര്യങ്ങൾ. തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ഇംഗ്ലീഷ് തന്ത്രങ്ങളെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി 55 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ്മയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂൺ. വാഷിംഗ്ടൺ സുന്ദർ നേടിയ 26 റൺസും, തിലകിന് വാലറ്റം നൽകിയ ഉറച്ച പിന്തുണയും ഇന്ത്യക്ക് മുതൽക്കൂട്ടായപ്പോൾ, അവസാന ഓവറിലെ രണ്ടാം പന്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിംഗിന് പുറമേ ബൗളിംഗിലും തിളങ്ങിയ കാഴ്സ് 3 വിക്കറ്റുകൾ വീഴ്ത്തി വരവറിയിച്ചു. 1 വിക്കറ്റ് മാത്രമെടുത്ത സ്റ്റാർ പേസർ ജോഫ്ര ആർച്ചർ 4 ഓവറിൽ 60 റൺസ് വഴങ്ങിയത് സന്ദർശകർക്ക് തിരിച്ചടിയായി.
ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. 28ന് രാജ്കോട്ടിലാണ് അടുത്ത മത്സരം.