മുംബൈ : അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ തേടിപിടിച്ച് നടൻ സെയ്ഫ് അലിഖാൻ . ജനുവരി 21നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ ആശുപത്രിയിലേയ്ക്ക് ക്ഷണിച്ചു. ആശ്ലേഷിച്ച് നന്ദി അറിയിച്ച സെയ്ഫ് അലിഖാൻ അദ്ദേഹത്തിനൊപ്പം ചിത്രങ്ങളുമെടുത്തു.
‘ഇന്ന് എന്നെ ക്ഷണിച്ചു. അതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. പ്രത്യേകിച്ചൊന്നുമില്ല. ഇതൊരു സാധാരണ സന്ദർശനമാണ്. അന്ന് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിച്ചു. ഇന്നും ഞാൻ അങ്ങനെ തന്നെ പ്രാർത്ഥിച്ചിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു,’ ഭജൻ സിംഗ് റാണ പറഞ്ഞു.
അന്ന് സെയ്ഫ് അലിഖാനാണെന്ന് അറിയാതെയാണ് താൻ അദ്ദേഹത്തെ ആശുപത്രിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഭജൻസിംഗിന് പാരിതോഷികമായി 11000 രൂപയും സെയ്ഫിന്റെ വീട്ടുകാർ നൽകിയിരുന്നു.