വിവാഹത്തലേന്ന് മോഹൻലാലിന്റെ മാതാപിതാക്കൾ നൽകിയ സമ്മാനത്തെ കുറിച്ച് വാചാലനായി നടനും , കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അടുത്തിടെ പുറത്ത് വന്ന പോഡ്കാസ്റ്റിൽ അദ്ദേഹം പറഞ്ഞ ഇക്കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു .
പേളി മാണിയുമായുള്ള പോഡ്കാസ്റ്റിൽ, ജീവിതത്തിൽ ഇതുവരെ ലഭിച്ച ഏറ്റവും പ്രിയപ്പെട്ട സമ്മാനത്തെക്കുറിച്ചായിരുന്നു ചോദ്യം. ഉത്തരത്തെക്കുറിച്ച് സുരേഷ് ഗോപിക്ക് യാതൊരു സംശയവുമില്ലായിരുന്നു . “എന്റെ വിവാഹത്തിന് തലേദിവസം, മോഹൻലാലിന്റെ അച്ഛനും അമ്മയും ഒരു പൊതിയുമായി എന്റെ വീട്ടിൽ വന്നു. തുറന്നപ്പോൾ തേക്ക് മരം കൊണ്ട് നിർമ്മിച്ച ഒരു ഗണപതി വിഗ്രഹം . ഞാൻ തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോൾ, പൂജാമുറിയിലെ പ്രധാന വിഗ്രഹമായി ഞാൻ അത് സ്ഥാപിച്ചു. എങ്കിലും, ഒരു ജ്യോതിഷി നിർദ്ദേശിച്ചത് വിഗ്രഹത്തിന് മുന്നിൽ വിളക്ക് കത്തിക്കരുതെന്നാണ്. അതിനാൽ ഞാൻ അത് പൂജാമുറിയിൽ നിന്ന് മാറ്റി. ആ വിഗ്രഹം ഇപ്പോഴും എന്റെ ഡൈനിംഗ് ഹാളിൽ ഉണ്ട്. ഞാൻ മുറിയിലൂടെ കടന്നുപോയി വിഗ്രഹം കാണുമ്പോഴെല്ലാം, മോഹൻലാലിന്റെ അച്ഛൻ എനിക്ക് പൊതി കൈമാറുന്ന ചിത്രം എന്റെ മനസ്സിൽ വരും. തീർച്ചയായും, എന്റെ ഏറ്റവും വിലയേറിയ സമ്മാനം അതാണ് “ സുരേഷ് ഗോപി പറഞ്ഞു.

